Breaking News

അഫ്​ഗാനിസ്താനിൽ ദുരന്തം വിതച്ച് ഭൂകമ്പം; 255 പേർ മരിച്ചു


കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ കനത്ത ഭൂകമ്പത്തില്‍ 255 പേര്‍ മരിച്ചു. 200 ലേറെ പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് ഭൂകമ്പമുണ്ടായത്. പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മേഖലയിലാണ് ഭൂകമ്പമുണ്ടായത്. കിഴക്കന്‍ അഫ്ഗാന്‍ പ്രവിശ്യയായ പക്ടികയിലാണ് കൂടുതല്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. 200 പേരാണ് ഇവിടെ മരിച്ചത്.ഖോസ്ത് പ്രവിശ്യയില്‍ 25 പേര്‍ മരണപ്പെടുകയും 90 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഉള്‍ഗ്രാമങ്ങളിലാണ് ഭൂകമ്പം നടന്നതെന്നതിനാല്‍ മരണ വിവരം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അഫ്ഗാന്‍ ആഭ്യന്തര മന്ത്രി സലഹുദ്ദിന്‍ അയുബി പറഞ്ഞത്. അപകട സ്ഥലത്ത് സുരക്ഷാ സേനകള്‍ എത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയെന്നും പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെന്നും മന്ത്രി പറഞ്ഞു. ‌ ഹെലികോപ്ടർ അടക്കം ഉപയോ​ഗിച്ച് രക്ഷാ പ്രവർത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

തെക്കുകിഴക്കൻ പ്രവിശ്യയായ ഖോസ്തിൽ നിന്ന് 44 കിലോ മീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കനത്ത നാശ നഷ്ടവും ഉണ്ടായി. പാകിസ്താൻ, ഇന്ത്യ എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇവിടങ്ങളിൽ ഇതുവരെ നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.


No comments