Breaking News

ജില്ലാ റബർ മാർക്കറ്റിങ് സൊസൈറ്റിയിലെ 
നിക്ഷേപ തട്ടിപ്പ് അന്വേഷിക്കണം: സിപിഐ എം എളേരി ഏരിയാ കമ്മിറ്റി




വെള്ളരിക്കുണ്ട് :ചിറ്റാരിക്കാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജില്ലാ റബർ മാർക്കറ്റിങ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ചവർക്ക് തിരിച്ചുനൽകാതെ വഞ്ചിച്ച സംഭവത്തിൽ അടിയന്തരാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം എളേരി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
കോൺഗ്രസ് ഭരിക്കുന്ന സൊസൈറ്റിയിൽ പണം നിക്ഷേപിച്ച 200 ആളുകളാണ് വഞ്ചിതരായത്. 1 2 കോടിയോളം രൂപ തിരിച്ചുനൽകാനുണ്ടെന്നാണ് നിക്ഷേപകർ പറയുന്നത്. നിക്ഷേപ കാലാവധി കഴിഞ്ഞ് പണം തിരിച്ചുനൽകാനോ, പുതുക്കി നൽകാനോ, പലിശ നൽകാനോ സൊസൈറ്റി തയ്യാറാകുന്നില്ല. പലരും വീട് വയ്‌ക്കാനും മക്കളുടെ വിവാഹത്തിനും പഠനത്തിനുമെല്ലാം സ്വരൂപിച്ച പണമാണ് ഇവിടെ നിക്ഷേപിച്ചത്.
ഇതേസ്ഥാപനത്തിൽ ദിവസക്കൂലിക്ക് പണിയെടുത്തവരുടെ കൂലിപോലും നിക്ഷേപമായി വാങ്ങിയിട്ടുണ്ട്. നാല് വർഷത്തിലധികമായി ഇവർ നിക്ഷേപകരോട് പല അവധികൾ പറഞ്ഞ് പറ്റിക്കുന്നു. നിക്ഷേപം തിരിച്ചുചോദിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്. നിക്ഷേപകരിൽ ഭൂരിഭാഗവും കോൺഗ്രസ് കുടുംബത്തിൽപ്പെട്ടവരായിട്ടും കോൺഗ്രസ് നേതൃത്വം ഇടപെട്ട് പണം തിരിച്ചുനൽകാൻ നടപടിയെടുക്കുന്നില്ല. മറ്റൊരു സർവീസ് സഹകരണ ബാങ്കിന്റെ ജീവനക്കാരനാണ് ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് എന്നതും സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു.
സഹകാരികൾ നിക്ഷേപിച്ച പണം എവിടെപ്പോയിയെന്ന് കണ്ടെത്തേണ്ടതുണ്ട്. സംഭവത്തിൽ സർക്കാർ ഇടപെട്ട് അന്വേഷണം നടത്തണം. കുറ്റക്കാരെ കണ്ടെത്തി നഷ്ടപ്പെട്ട പണം തിരിച്ചുപിടിച്ച് നിക്ഷേപകർക്ക് ലഭ്യമാക്കാനുള്ള നടപടി എത്രയും വേഗം ഉണ്ടാകണമെന്ന് ഏരിയാ സെക്രട്ടറി ടി കെ സുകുമാരൻ മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.


No comments