Breaking News

19 ഇഞ്ച് നീളമുള്ള ചെവികൾ, സ്വന്തം നാട്ടിൽ സെലിബ്രിറ്റിയായി സിംബ


19 ഇഞ്ച് വലിപ്പമുള്ള ചെവികളോട് കൂടിയ ആട്ടിൻകുട്ടി കൗതുകമാകുന്നു. ആട് ജനിച്ചിട്ട് ഏതാനും ​ദിവസങ്ങളായതേ ഉള്ളൂ. സിംബ എന്നാണ് ആടിന്റെ പേര്. സ്വാഹിലി ഭാഷയിൽ അതിന്റെ അർത്ഥം സിംഹം എന്നാണ്. ദിവസങ്ങൾക്ക് മുമ്പ് പാകിസ്ഥാനിലെ കറാച്ചിയിലാണ് സിംബ ജനിച്ചത്, പക്ഷേ ഇതിനകം തന്നെ അവൻ ഒരു പ്രാദേശിക സെലിബ്രിറ്റിയായി മാറിയിട്ടുണ്ട്.

കണ്ടാൽ ഓമനത്തം തോന്നുന്ന ഈ ആടിന് ഏകദേശം രണ്ടാഴ്ച പ്രായമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അവന്റെ ചെവികൾ വളരെ നീണ്ടതാണ്, അവൻ നടക്കുമ്പോൾ അവ തറയിൽ മുട്ടുന്ന തരത്തിലാണുള്ളത്. സിംബയുടെ ഉടമയുടെ പേര് മുഹമ്മദ് ഹസൻ നരേജോ എന്നാണ്. സിംബയെ അവർക്കെല്ലാം വളരെ പ്രിയമാണ്, 'സിംബ ഉടൻ തന്നെ ഗിന്നസ് ലോക റെക്കോർഡ് ഉടമയാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു' എന്നാണ് നരേജോ പറയുന്നത്. 

പാകിസ്ഥാനിലെ നഗ്രയിലെ ഒരു ആട് ഫാമിലാണ് സിംബ ജനിച്ചത്. ഇതുവരെ വലിപ്പമുള്ള ചെവിയുടെ പേരിൽ ​ഗിന്നസ് റെക്കോർഡ് നേടിയ ആടുകളൊന്നും തന്നെ ഇല്ല. എന്നാൽ, വലിയ ചെവിയുടെ പേരിൽ ​ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ നായകളുണ്ട്. സിംബയുടെ നീളമുള്ള ചെവികൾ ഒരുപക്ഷേ ജനിതക വൈകല്യത്തിന്റെയോ മറ്റോ ഫലമായിരിക്കാം. പക്ഷേ അവന് മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നും തന്നെ ഇല്ല. ആടുകൾക്ക് സാധാരണയായി നീളമുള്ള ചെവികളായിരിക്കും, എന്നാൽ സിംബയുടെ ഇനമായ നൂബിയൻ ആടുകൾക്ക് കുറച്ചധികം നീളം കൂടിയ ചെവികളുണ്ട്. 

ഏതായാലും സിംബ ഇപ്പോൾ പ്രദേശത്തുകാരുടെ പ്രിയപ്പെട്ട സെലിബ്രിറ്റി തന്നെ ആയിട്ടുണ്ട്. 

No comments