Breaking News

അക്ഷരലോകത്തെ കൗതുകങ്ങൾ തേടി പാറക്കടവിലെ കുട്ടികൾ ആയന്നൂർ ഗ്രന്ഥശാലയിലെത്തി

ചിറ്റാരിക്കാൽ: അക്ഷരലോകത്തെ കൗതുകങ്ങൾ തേടി അവർ വായനശാലയിലേക്കെത്തി പുസ്തകത്താളുകളിൽനിന്നും തങ്ങൾക്കരികെയെത്താൻ വെമ്പിനിൽക്കുന്ന കഥാപാത്രങ്ങൾക്കൊപ്പം ഈ കൊച്ചുകൂട്ടുകാർ ഏറെ നേരം വായനശാലയിൽ സഞ്ചരിച്ചു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പാറക്കടവ് എഎൽപി സ്‌കൂളിലെ 3, 4 ക്ലാസുകളിലെ കുട്ടികളാണ് കഴിഞ്ഞ ദിവസം ആയന്നൂർ യൂവശക്തി പബ്ലിക് ലൈബ്രറിയിലെത്തിയത്. പേനയും പെൻസിലും മധുരവും നൽകിയാണ് വായനശാലാ പ്രവർത്തകർ ഈ കുട്ടികളെ സ്വീകരിച്ചത്. പുസ്തകങ്ങളുടെ വിതരണവും മടക്കവും മറ്റു പ്രവർത്തനങ്ങളുമുൾപ്പെടെ പൂർണമായും ഡിജിറ്റലൈസായ ഈ വായനശാലയിലെ പ്രവർത്തനങ്ങളും കുട്ടികൾ കൗതുകത്തോടെ നോക്കിക്കണ്ടു. വായനശാലയിൽനിന്നും സ്‌കൂളിലേയ്ക്കു പുസ്തകങ്ങൾ എത്തിക്കുന്ന അക്ഷരക്കൂട്ടം പദ്ധതിക്കും ഇവിടെ തുടക്കം കുറിച്ചു.

പരിപാടിയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ടി.വി.കൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ സ്‌കൂൾ പ്രധാനാധ്യാപകൻ ബിജു മാത്യു അധ്യക്ഷനായി. വായനശായിലെ പ്രവർത്തനങ്ങൾ താലൂക്ക് കൗൺസിലർ പി.ഡി.വിനോദ് വിശദീകരിച്ചു. കെ.വി.യദുകൃഷ്ണൻ വായനാ സന്ദേശം നൽകി. ഗ്രന്ഥശാലാ സെക്രട്ടറി സി.ടി.പ്രശാന്ത്, അധ്യാപകരായ എം.മോനിഷ, മാജിത എന്നിവർ നേതൃത്വം നൽകി.

No comments