Breaking News

പയ്യന്നൂരിൽ ഗാന്ധിപ്രതിമയുടെ തലവെട്ടിമാറ്റിയ സംഭവം; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ




കണ്ണൂർ: പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ രണ്ട് ഡി വൈ എഫ് ഐ(dyfi) പ്രവർത്തർ അറസ്റ്റിൽ(arrest). തായിനേരി സ്വദേശി ടി. അമൽ ടി, മൂരിക്കൂവൽ സ്വദേശി എം വി അഖിൽ എന്നിവരാണ് അറസ്റ്റിലായത്. മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ഗാന്ധി പ്രതിമ തകർത്ത കേസിൽ രണ്ടാഴ്ച്ച പിന്നിട്ടും പ്രതികളെ പിടികൂടിയില്ലെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് അറസ്റ്റ്

കണ്ണൂർ പയ്യന്നൂരിൽ ബ്ലോക്ക് കോൺഗ്രസ് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തലയാണ് വെട്ടി മാറ്റിയത് . വെട്ടി മാറ്റിയ തല പ്രതിമയുടെ തന്നെ മടിയിൽ വച്ച നിലയിലായിരുന്നു, ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ദേശീയ തലത്തിൽ തന്നെ കേരളത്തിന് നാണക്കേടായ സംഭവത്തിൽ ഒരു പ്രതികളെ പോലും തിരിച്ചറിയാൻ പയ്യന്നൂർ പൊലീസിന് കഴിഞ്ഞില്ലെന്നായിരുന്നു വിശദീകരണം. എന്നാൽ പ്രതികൾ സി പി എം പ്രവര്‍ത്തകരായതിനാലാണ് പൊലീസ് നടപടി ഉണ്ടാകാത്തത് എന്നായിരുന്നു ആരോപണം. സാധാരണ ഓഫീസ് ആക്രമണങ്ങൾ നടക്കുമ്പോൾ പൊലീസ് ചെയ്യുന്നത് പ്രകാരം കണ്ടാലറിയുന്ന 15 പേർക്കെതിരെ കേസെടുത്തു. ഗാന്ധി പ്രതിമ തകർത്തവരെക്കുറിച്ച് കൃത്യമായ വിവരങ്ങൾ പ്രദേശവാസികളും കോൺഗ്രസ് പ്രവർത്തകരും കൈമാറിയിട്ടും അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയിരുന്നില്ല. ഇതിനെതിരെ പ്രതിഷേധവും ആരോപണവും മാധ്യമ വാർത്തകളും വന്നതിന് പിന്നാലെയാണ് ഇന്ന് അറസ്റ്റ് ഉണ്ടായത്.

സംഘപരിവാറിനെപോലും നാണിപ്പിക്കുന്ന ആക്രമണം നടത്തിയ സിപിഎം പ്രവർത്തകരെ പൊലീസ് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. ഗാന്ധി പ്രതിമ തകർത്തതോടെ സിപിഎമ്മും ആർഎസ്എസും തമ്മിൽ ഇനിയെന്ത് വത്യാസമെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ചോദ്യം. ജാമ്യമില്ലാ വകുപ്പ് ഉൾപ്പടെയുള്ള കേസ് ആണ് പ്രതികൾക്കെതിരെ ഇപ്പോൾ ചുമത്തിയിട്ടുള്ളത്.

No comments