Breaking News

വസ്തു പോക്കുവരവ് ചെയ്ത് രേഖയാക്കാൻ കൈക്കൂലി: വില്ലേജ് ഓഫീസറും അസിസ്റ്റന്റും വിജിലൻസ് പിടിയിൽ


പത്തനംതിട്ട: വസ്തു പോക്കുവരവ് ചെയ്ത് രേഖയാക്കാൻ കൈക്കൂലി (Bribery) വാങ്ങിയ ചെറുകോൽ വില്ലേജ് ഓഫീസറും അസിസ്റ്റന്റും വിജിലൻസിന്റെ പിടിയിലായി. വില്ലേജ് ഓഫീസർ രാജീവ് പ്രമാടം, വില്ലേജ് അസിസ്റ്റൻറ് ജിനു എന്നിവരെയാണ് ബുധനാഴ്ച ഉച്ചയോടെ പത്തനംതിട്ട വിജിലൻസ് അറസ്റ്റ് ചെയ്തത്. വയലത്തല തേവർ കാട്ടിൽ മുതുമരത്തിൽ ഷാജി ജോണിന്റെ പരാതിയിന്മേൽ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.

ഒരേക്കർ 62 സെൻറ് സ്ഥലം പേരിൽ കൂട്ടി കരം ഒടുക്കുന്നതിനായി വില്ലേജ് ഓഫീസിൽ കഴിഞ്ഞ ഒരാഴ്ചയായി ഷാജി ജോൺ കയറിയിറങ്ങുകയായിരുന്നു. എന്നാൽ ഇതിനായി 5000 രൂപാ വില്ലേജ് ഓഫീസർ ആവശ്യപ്പെടുകയും പണം തരാതെ ഒന്നും നടക്കില്ലെന്ന് അറിയിക്കുകയുമായിരുന്നു. രേഖകൾ എല്ലാം ശരിയാണെന്നും വസ്തു പേരിൽ കൂട്ടി നൽകണമെന്നും നിരന്തരം ആവശ്യപ്പെട്ടിട്ടും വില്ലേജ് ഓഫീസർ വഴങ്ങാതെ വന്നപ്പോൾ ഇദ്ദേഹം പത്തനംതിട്ട വിജിലൻസിനെ സമീപിക്കുകയായിരുന്നു.

തുടർന്ന് ഇന്നുച്ചക്ക് 12 മണിയോടെ വിജിലൻസ് നൽകിയ ഫിനോഫ്തലിൻ കറൻസികളുമായി വില്ലേജ് ഓഫീസിലെത്തിയ ഷാജി ജോൺ തുക കൈമാറി. പുറത്ത് കാത്ത് നിന്ന വിജിലൻസ് സംഘം ഓഫീസിൽ കടന്ന് പരിശോധന നടത്തുകയും വില്ലേജ് ഓഫീസർ രാജീവിൽ നിന്നും പണം കണ്ടെടുക്കുകയും ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.


കൈക്കൂലിപ്പണം കണ്ടെടുക്കാൻ വില്ലേജ് ഓഫിസിലേക്ക് പാഞ്ഞെത്തിയ വിജിലൻസ് സംഘത്തെ കണ്ട് ഫിൽഡ് അസിസ്റ്റന്റ് ‌പുറത്തേയ്ക്ക് ഓടി. ഇയാൾ പണം വാങ്ങിയിട്ടില്ലെന്ന് പരാതിക്കാരൻ വിശദീകരിച്ചതായി വിജിലൻസ് വ്യക്തമാക്കി. എന്നാൽ, ഫീൽഡ് അസിസ്റ്റന്റ് സ്ഥലത്ത് നിന്നും കടന്നതിന്റെ കാരണം അവ്യക്തമാണ്.

പത്തനംതിട്ട വിജിലൻസ് ഡിവൈ എസ് പി ഹരി വിദ്യാധരന്റെ നേതൃത്വത്തിൽ സി ഐമാരായ അനിൽകുമാർ, രാജീവ്, അഷറഫ്, എസ് ഐമാരായ ജലാലുദീൻ, രാജേഷ്, സാജു എന്നിവരടങ്ങിയ സംഘമാണ് വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും അറസ്റ്റ് ചെയ്തത്.

No comments