ഇരിയ വാഹനമിടിപ്പിച്ച് പണം തട്ടാൻ ശ്രമം: രണ്ടു പ്രതികൾ റിമാൻഡിൽ 3 പ്രതികൾക്കായി അന്വേഷണം ശക്തം
കാഞ്ഞങ്ങാട് : ജ്വല്ലറി ഉടമയെ ബൈക്കിൽ കാറിടിച്ച് വീഴ്ത്തി പണം കവരാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. യാസിർ ബണ്ടിച്ചാൽ, സുജിത് അദൂർക്കുഴി, സിയാദ് പാക്യാര ഉദുമ എന്നിവർക്കായാണ് അമ്പലത്തറ പൊലീസ് തിരച്ചിൽ തുടങ്ങിയത്. പിടിയിലായ സത്താറും അബ്ദുൾ സലാമും കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻഡിലാണ്. ഒരാഴ്ച മുമ്പാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതികൾ സഞ്ചരിച്ച വാഹനത്തിൽനിന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. വീട്ടിലടക്കം തിരച്ചിൽ നടത്തി. ജില്ലക്ക് പുറത്ത്പോയതായാണ് സൂചന. കർണാടകത്തിലേക്ക് കടന്നിരിക്കാമെന്നാണ് നിഗമനം. ഡിവൈഎസ്‌പി സി കെ സുനിൽ കുമാറിന്റെ മേൽനോട്ടത്തിൽ അമ്പലത്തറ സിഐ രഞ്ജിത്ത് രവീന്ദ്രൻ, എസ്ഐ സുമേഷ് ബാലൻ, സീനിയർ സിപിഒ ഹരീഷ്, ബ്രിജേഷ്, ടി വി സുഭാഷ്, സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് അന്വേഷിക്കുന്നത്. സുജിത്തിനും മറ്റ് പ്രതികൾക്കും വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. അബ്ദുൾ സലാം പാക്യാരയിൽനിന്ന് ഒരു വർഷം മുമ്പ് സമാനമായ കവർച്ച നടത്തി. പഴയ സ്വർണം വാങ്ങുന്ന വ്യാപാരിയാണ് അന്ന് ആക്രമിക്കപ്പെട്ടത്. വിദേശമദ്യം കടത്തിയ കേസിൽ അടുത്തിടെയാണ് മോചിതനായത്. ചൊവ്വ രാത്രിയാണ് ചുള്ളിക്കരയിലെ ജ്വല്ലറിയുടമ ഇരിയയിലെ ബാലചന്ദ്രൻ ആക്രമിക്കപ്പെട്ടത്.രണ്ട് പ്രതികളെ മണിക്കൂറുകൾക്കകം പിടിച്ചു.
No comments