Breaking News

കടബാധ്യത മൂലം വീടുവിറ്റ് വാടകവീട്ടിൽ താമസിക്കാൻ ഒരുങ്ങിയ മഞ്ചേശ്വരം പാവൂർ സ്വദേശിക്ക് ഒരു കോടിയുടെ ഭാഗ്യം


കാസർകോട്: കടബാദ്ധ്യതമൂലം വീട് വിറ്റു വാടക വീട്ടിൽ താമസിക്കാൻ ഒരുങ്ങിയ മഞ്ചേശ്വരം പാവൂർ ഗ്യാർക്കട്ടയിലെ മുഹമ്മദ് എന്ന ബാവയെ ഭാഗ്യം തുണച്ചു ഞായറാഴ്ച  നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി കേരള ഭാഗ്യക്കുറിയുടെ ഒരു കോടി രൂപ ബാവയെ തേടിയെത്തിയത് ഈ കുടുംബത്തിലാകെ ആഹ്ലാദത്തിലാഴ്ത്തി. ഹൊസങ്കടിയിലെ ന്യു ലക്കി സെന്ററിൽ നിന്നാണ് സമ്മാനാർഹമായ എഫ്.എഫ് 537904 നമ്പർ ലോട്ടറി ടിക്കറ്റ് എടുത്തത്.ദൈവം കൈവിടില്ലെന്ന പ്രതീക്ഷയിൽ ഇദ്ദേഹം എന്നും ലോട്ടറി എടുക്കുമായിരുന്നു. ബാങ്കിൽ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്താണ് ബാവ വീട് നിർമ്മിച്ചിരുന്നത്. ഭാര്യയും നാല് പെൺമക്കളും ഒരു മകനുമുള്ള ബാവയ്ക്കും കുടുംബത്തിനും സാമ്പത്തിക പ്രതിസന്ധിയും കടബാദ്ധ്യതയും കാരണം മുന്നോട്ടുനീങ്ങാൻ കഴിയാത്ത സ്ഥിതിയായിരുന്നു . റിയൽ എസ്റ്റേറ്റ് കച്ചവടത്തിൽ പൊളിഞ്ഞതോടെയാണ് ബാവയുടെ ദുരിതം തുടങ്ങിയത്. പെൺമക്കളുടെ വിവാഹാവശ്യത്തിനും മറ്റുമായി ബന്ധുക്കൾ അടക്കമുള്ളവരിൽ നിന്നും ലക്ഷങ്ങൾ വായ്പ വാങ്ങിയിരുന്ന ഇദ്ദേഹം സാമ്പത്തിക തകർച്ച കൂടിയായതോടെ നട്ടംതിരിഞ്ഞു. റിയൽ എസ്റ്റേറ്റ് വിട്ട് പെയിന്റിംഗ് ജോലിയിലേക്ക് തിരിഞ്ഞ ഇദ്ദേഹം അരക്കോടിയോളമെത്തിയ കടം തീർക്കാൻ വീട് വിൽക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു.ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നറിയാതെ വിഷമിച്ചിരിക്കുന്ന അവസ്ഥയിലാണ് ബാവയെ തുണച്ചത്. കിട്ടുന്ന തുകയിൽ അമ്പത് ലക്ഷത്തോളം രൂപ കടം തീർക്കാൻ തന്നെ വേണ്ടിവരും. എന്നിരുന്നാലും ഇനിയുള്ള കാലത്തെങ്കിലും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടായതിൽ സന്തോഷമുണ്ടെന്നാണ് ബാവയുടെ പക്ഷം.

No comments