Breaking News

മലയോരത്ത് വീണ്ടും കാട്ടുപന്നിയുടെ ആക്രമണം ; പൂടംകല്ല് ടൗണിൽ കാട്ടുപന്നിയുടെ കുത്തേറ്റ് യുവാവിന് പരിക്ക്


രാജപുരം : പൂടംകല്ല് ടൗണിൽ കാട്ടുപന്നിയുടെ കുത്തേറ്റ് യുവാവിന് പരിക്ക്. ഇരിയ ഏഴാംമൈലിലെ ഓട്ടോറിക്ഷാ ഡ്രൈവർ വയമ്പിലെ കെ.ബിനു(30)വിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 9.15ഓടെയാണ് സംഭവം. ബിനുവിനൊപ്പമുണ്ടായിരുന്ന ആൾ ഓടി മാറിയതിനാൽ രക്ഷപ്പെട്ടു.


അമ്മയുടെ പ്രമേഹപരിശോധനയ്ക്കായി പൂടംകല്ലിലെ താലൂക്കാസ്പത്രിയിലെത്തിയതായിരുന്നു ബിനു. ടൗണിലേക്ക് നടന്നുപോകുന്നതിനിടെ പിറകിൽനിന്നെത്തിയ രണ്ട് പന്നികളിൽ ഒന്ന് ബിനുവിനെ റോഡിന് സമീപത്തേക്ക് കുത്തിയിട്ട്‌ ആക്രമിക്കുകയായിരുന്നു.


ആസ്പത്രിയിലേക്ക് വന്നവരും സമീപത്തുണ്ടായിരുന്നവരും ബഹളമുണ്ടാക്കിയതോടെ പന്നി ഓടിമറയുകയായിരുന്നു. സമീപ ടൗണായ ചുള്ളിക്കരയിൽ കള്ളുഷാപ്പുടമ കെ.എസ്.മണി(40)ക്ക്‌ നേരെയും പന്നികൾ ആക്രമണത്തിന് മുതിർന്നിരുന്നു. സമീപത്തെ മതിലിൽ ഓടിക്കയറി അദ്ദേഹം രക്ഷപ്പെട്ടു.


കാലിന് പരിക്കേറ്റ ബിനു പൂടംകല്ല് താലൂക്കാസ്പത്രിയിൽ ചികിത്സ തേടി. അക്രമം നടത്തിയ പന്നികളെ വെടിവെച്ചുകൊല്ലാൻ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.


കാടിറങ്ങി കാട്ടുപന്നിക്കൂട്ടം. ജീവനും സ്വത്തിനും സുരക്ഷയില്ലാതെ മലയോരം. കുട്ടികളെ സ്കൂളിൽവിടാൻ പോലും രക്ഷിതാക്കൾ ഭയക്കുകയാണ്. പുലർച്ചെ ടാപ്പിങ്‌ തൊഴിലാളികളും പത്രവിതരണക്കാരുമടക്കമുള്ളവർ ജീവൻ പണയംവച്ചാണ് തൊഴിലെടുക്കാൻ പോകുന്നത്. മലയോരത്തെ പ്രധാന പാതയോരങ്ങൾ മിക്കവയും കാടുമൂടിക്കിടക്കുകയാണ്. ഇതിനിടയിൽ പോലും കാട്ടുപന്നിയുണ്ടാകാമെന്നാണ് അതത് പ്രദേശത്തെ ആളുകൾ പറയുന്നത്. മുൻകാലങ്ങളിൽ വനാതിർത്തികളിലെ കൃഷിയിടങ്ങളിൽ മാത്രമായിരുന്നു പന്നികൾ ഇറങ്ങിയിരുന്നത്. എന്നാൽ ഇവ പെറ്റുപെരുകിയതോടെ ജനവാസകേന്ദ്രങ്ങളിലേക്കും ഇറങ്ങിയിരിക്കയാണ്.


വ്യാഴാഴ്ച രാവിലെ പൂടംകല്ല് താലൂക്ക് ആസ്പത്രിയിലെത്തിയ ബിനു എന്ന യുവാവിനാണ് പന്നിക്കൂട്ടത്തിന്റെ അക്രമണം ഒടുവിൽ നേരിടേണ്ടി വന്നത്. ആഴ്ചകൾക്കുമുൻപ് വെള്ളരിക്കുണ്ട് ടൗണിൽനിന്ന്‌ കുഞ്ഞിരാമൻ, തോമസ് ജോർജ് ചക്കുങ്കൽ എന്നിവർക്കും കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. രണ്ടുമാസം മുൻപ് പരപ്പ ടൗണിലും കാട്ടുപന്നിയിറങ്ങി. കഴിഞ്ഞ ജനുവരിയിലാണ് കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയിൽ ഗുരുപുരം വളവിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് പന്നിക്കുട്ടം തട്ടിമറിച്ചിട്ടത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ വി.എസ്.അഭിലാഷിന് മൂന്നുമാസത്തോളം ചികിത്സിക്കേണ്ടിവന്നു. ജില്ലയിൽ മൂന്ന് വർഷത്തിനിടെ ഏഴുപേർക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്.

No comments