Breaking News

‘ബോംബെ’ സിനിമയിലെ "ഉയിരെ...' ടീം വീണ്ടും ബേക്കൽ കോട്ടയിലെത്തുന്നു..



തിരുവനന്തപുരം : മണിരത്‌നത്തിന്റെ പ്രശസ്‌തമായ ‘ബോംബെ’ സിനിമയിലെ അതേ ടീം വീണ്ടും ബേക്കൽ കോട്ടയിലെത്തുന്നു. ബേക്കലിൽ ബീച്ച്‌ ഫെസ്‌റ്റിവൽ സംഘടിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ്‌മിഷന്‌ മറുപടി പറയുമ്പോൾ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ അറിയിച്ചതാണിക്കാര്യം.
സംവിധായകൻ മണിരത്‌നം, സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ, നായകൻ അരവിന്ദ്‌ സ്വാമി എന്നിവരെയാണ്‌ ബേക്കലിൽ പ്രതീക്ഷിക്കുന്നത്‌. മണിരത്‌നവുമായി സംസാരിച്ചിരുന്നു. പഴയ ടീമായി എത്താം എന്നാണ്‌ അദ്ദേഹം അറിയിച്ചത്‌.
ബോംബെ സിനിമയിലെ ‘ഉയിരെ..’ എന്ന ഗാനം ചിത്രീകരിച്ചത്‌ ബേക്കൽ കോട്ടയിലാണ്‌. സിനിമാ ചിത്രീകരണത്തിന്‌ മികച്ച സ്ഥലമാണ്‌ ബേക്കലെന്ന്‌ പുറംലോകത്തെ ഒരിക്കൽ കൂടി അറിയിക്കലാണ്‌ ലക്ഷ്യം. കൂടുതൽ സഞ്ചാരികളെ ബേക്കലിലേക്ക് ആകർഷിക്കാൻ എല്ലാ വർഷവും 'ബേക്കൽ ബീച്ച് ഫെസ്റ്റിവൽ' എന്ന പേരിൽ ഒരാഴ്ച നീളുന്ന ഫെസ്റ്റിവൽ നടത്താനുള്ള അനുമതിക്കായി സി എച്ച് കുഞ്ഞമ്പു എംഎൽഎ സമീപിച്ചിരുന്നു.
ബിആർഡിസി, ഡിടിപിസി, മറ്റു വകുപ്പുകൾ എന്നിവയെ യോജിപ്പിച്ച് ബീച്ച് ഫെസ്റ്റിവൽ സംഘടിപ്പിക്കാൻ സഹായം നൽകും. പ്രാദേശികമായ സംഘാടനം നടത്തി സംഘടിപ്പിക്കുന്നതാണ് ഗുണകരമാവുക. ഇതിനായി ഗ്രാന്റ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.


No comments