Breaking News

ലഹരി മാഫിയയെ കുരുക്കാനൊരുങ്ങി സർക്കാർ; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശോധന ഊർജിതമാക്കുമെന്ന് മന്ത്രി ഗോവിന്ദൻ മാസ്റ്റർ


തിരുവനന്തപുരം: സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയയെ കുരുക്കാന്‍ ശക്തമായ നടപടികളുമായി സര്‍ക്കാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരി ഉപയോഗം കണ്ടെത്താന്‍ പരിശോധന ഊര്‍ജിതമാക്കും. ഇതിനായി എന്‍.സി.സി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എന്‍.എസ്.എസ് എന്നിവയുടെ അടിയന്തര യോഗം വിളിക്കും. വിദ്യാര്‍ത്ഥികളില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തുമെന്നും എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു. കണ്ണൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചെന്ന വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ലഹരി നല്‍കിയ ശേഷം ലൈംഗീകമായും ശാരീരികമായും പീഡിപ്പിച്ചതായി പീഡനത്തിനിരയായ പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. താനുള്‍പ്പടെ 11 പെണ്‍കുട്ടികള്‍ മയക്കുമരുന്ന് മാഫിയയുടെ വലയില്‍പ്പെട്ടതായും കുട്ടി അറിയിച്ചു. സംഭവത്തില്‍ പൊലീസിനെതിരെയും പെണ്‍കുട്ടിയുടെ കുടുംബം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പൊലീസിന്റെ അനാവശ്യമായ ചോദ്യങ്ങള്‍ മകള്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കിയതായും അങ്ങോട്ടാവശ്യപ്പെട്ടിട്ടും പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോദിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.


No comments