Breaking News

മോഷണക്കേസ് പ്രതി കാസർകോട് പോലീസിന്റെ പിടിയിലായത് ഹോട്ടലിൽ ഉള്ളിയരിയുന്നതിനിടെ


കാസർകോട് : മോഷണക്കേസിലെ പ്രതി പോലീസിനെ വട്ടംചുറ്റിച്ചത് ഒന്നരമാസത്തിലധികം. ഒടുവിൽ പിടിയിലായത് ഹോട്ടലിൽ ഉള്ളിയരിയുന്നതിനിടെ. ചൗക്കി സ്വദേശി അബ്ദുൾ ലത്തീഫിനെ (36) ആണ് കാസർകോട് ടൗൺ പോലീസ് സുള്ള്യയിൽ ഹോട്ടൽപണിയിൽ മുഴുകിയിരിക്കെ പിടിച്ചത്.


ജൂൺ 25-ന് തളങ്കര പള്ളിക്കാലിലെ ഷിഹാബുദ്ദീൻ തങ്ങളുടെ വീട്ടിൽനിന്ന് ആറുപവൻ കവർന്ന കേസിലാണ് അറസ്റ്റ്. പ്രതികളിലൊരാളായ കണ്ണൂർ മട്ടന്നൂർ സ്വദേശി വിജേഷിനെ (26) മോഷണത്തിനിടെ നാട്ടുകാർ പിടിച്ച് പോലീസിൽ ഏൽപ്പിച്ചിരുന്നു. ഇയാൾ റിമാൻഡിലാണ്. ലത്തീഫായിരുന്നു അന്ന് സ്വർണവുമായി കടന്നത്. ആദ്യം ഉപ്പളയിൽ പോയ ലത്തീഫ് അവിടെനിന്ന് സ്‌കൂട്ടറിൽ മാനന്തവാടിയിലേക്ക് പുറപ്പെട്ടു. അതിനിടെ മൂന്ന് ഗ്രാം സ്വർണം കാഞ്ഞങ്ങാട്ടെ ജൂവലറിയിൽ വിറ്റത് ചൊവ്വാഴ്ച പോലീസ് കണ്ടെത്തി.


വയനാട്ടിൽ നിന്ന് ഷൊർണൂരിലേക്കും അവിടെനിന്ന് വേളാങ്കണ്ണിയിലേക്കും സ്‌കൂട്ടറിൽ സഞ്ചരിച്ചുവെന്നാണ് പോലീസിന്റെ നിഗമനം. ബാക്കി സ്വർണം ഷൊർണൂരിൽ വിറ്റെന്നായിരുന്നു പ്രതിയുടെ മൊഴി. ലത്തീഫിനെ പിടിക്കാൻ പോലീസ് വേളാങ്കണ്ണിവരെ എത്തിയിരുന്നു.പോലീസ് പിന്നിലുണ്ടെന്നറിഞ്ഞ പ്രതി ഒടുവിൽ കണ്ണൂരിലെത്തിയപ്പോൾ ഇരുചക്രവാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ലത്തീഫ്‌ ഫോൺ ഉപയോഗിക്കാത്തതാണ് പിടികൂടാൻ അൽപം വൈകിയതെന്ന് പോലീസ് പറഞ്ഞു.


ഇൻസ്‌പെക്ടർ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. എം. വിഷ്ണുപ്രസാദ്, എ.എസ്.ഐ.മാരായ കെ.വി. ജോസഫ്, ഇ. ഉമേശൻ, എസ്.സി.പി.ഒ.മാരായ കെ. ഷാജു, കെ.ടി. അനിൽ, സി.പി.ഒ.മാരായ സുനിൽ കരിവെള്ളൂർ, കെ.പി. സുരേന്ദ്രൻ, കെ.എം. രതീഷ്, നരേന്ദ്രൻ കോറോം എന്നിവരായിരുന്നു പോലീസ് സംഘത്തിലുണ്ടായിരുന്നത്.


No comments