Breaking News

സംസ്ഥാന സബ്ജൂനിയർ വടംവലി കണ്ണൂർ ചാമ്പ്യന്മാർ; ഒപ്പം കാസർകോട്‌




കുണ്ടംകുഴി : സംസ്ഥാന സബ് ജൂനിയർ വടംവലി ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായി കണ്ണൂർ. കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ രണ്ട് ദിവസമായി നടന്ന മത്സരം കാണാൻ നൂറുകണക്കിന്‌ പേർ എത്തി. മത്സരത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളാണ് ശക്തമായ മത്സരം കാഴ്‌ച വച്ചത്.
ഞായർ മൂന്ന് വിഭാഗം മത്സരങ്ങളാണ് നടന്നത്. അണ്ടർ 17 ബോയ്സ് 500 കിലോ, ഗേൾസ് 420 കിലോ വിഭാഗങ്ങളിൽ കാസർകോട് ജില്ലാ ടീമിനെ പരാജയപ്പെടുത്തി കണ്ണൂർ ജേതാക്കളായി. അണ്ടർ 17 മിക്സ്ഡ് 520 കിലോ വിഭാഗത്തിൽ തൃശൂരിനെ തോൽപ്പിച്ച്‌ കാസർകോടും ജേതാക്കളായി.
ശനി നടന്ന നാല് വിഭാഗം മത്സരങ്ങളിൽ മൂന്നിലും കണ്ണൂർ ജില്ലാ ജേതാക്കളായിരുന്നു. അണ്ടർ 13 ബോയ്സ് 380 കിലോ, അണ്ടർ 15 ഗേൾസ് 360 കിലോ, അണ്ടർ 15 ബോയ്സ് 440 കിലോ എന്നീ വിഭാഗം മത്സരങ്ങളിലാണ് കണ്ണൂരിന്റെ വിജയം. അണ്ടർ 13 ഗേൾസ് 340 കിലോ വിഭാഗത്തിൽ ആതിഥേയരായ കാസർകോട് ജേതാക്കളായി.
ഞായർ രാവിലെ സംസ്ഥാന വടംവലി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി പ്രവീൺ മാത്യു, ജില്ലാ വൈസ് പ്രസിഡന്റ്‌ എം സുനിൽ എന്നിവർ പതാക ഉയർത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ബി എച്ച് ഫാത്തിമത്ത് ഷംന അധ്യക്ഷയായി. പഞ്ചായത്തംഗം ബി എൽ നൂർജഹാൻ, കെ ബാലകൃഷ്ണൻ, രാജേഷ് പാണ്ടിക്കണ്ടം എന്നിവർ സംസാരിച്ചു. കെ അശോകൻ സ്വാഗതവും മനോജ്‌ അമ്പലത്തറ നന്ദിയും പറഞ്ഞു.
സമാപനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിജി മാത്യു ഉദ്ഘാടനം ചെയ്തു. സുരേഷ് പായം അധ്യക്ഷനായി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ധന്യ, പഞ്ചായത്തംഗങ്ങളായ ശാന്തകുമാരി, ശ്രുതി, എം ഗോപാലകൃഷ്ണൻ, തമ്പാൻ, എം രഘുനാഥൻ എന്നിവർ സംസാരിച്ചു. പ്രശാന്ത് പായം സ്വാഗതവും സി മധുസൂദനൻ നന്ദിയും പറഞ്ഞു.


No comments