Breaking News

തെരുവുനായയുടെ കടിയേറ്റു; പേവിഷബാധക്കെതിരായ വാക്സിനെടുത്തിട്ടും മധ്യവയസ്‌ക മരിച്ചു


പേരാമ്പ്ര: തെരുവുനായയുടെ കടിയേറ്റ സ്ത്രീ പേവിഷബാധക്കെതിരായ വാക്‌സിനെടുത്തിട്ടും മരിച്ചു. കൂത്താളി രണ്ടേ ആറില്‍ പുതിയേടത്ത് ചന്ദ്രിക (53) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് ചന്ദ്രികയ്ക്ക് തെരുവുനായയുടെ കടിയേല്‍ക്കുന്നത്. മരണം പേവിഷബാധയേറ്റാണെന്നാണ് പ്രാഥമിക വിവരം.കഴിഞ്ഞ മാസം 21 ന് വീടിനടുത്തുള്ള വയലില്‍ വെച്ചാണ് ചന്ദ്രികയെ തെരുവുനായ ആക്രമിച്ചത്. മുഖത്താണ് ചന്ദ്രികയ്ക്ക് പരുക്കേറ്റത്. അന്ന് തന്നെ എട്ടോളം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് പത്ത് ദിവസം മുമ്പ് ചന്ദ്രികയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച്ചയാണ് മരണം സംഭവിച്ചത്.ചന്ദ്രികയ്ക്ക് പേവിഷബാധ ഉണ്ടോയെന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ വരാനുണ്ടെന്നാണ് ആരോഗ്യ വിഭാഗം വ്യക്തമാക്കുന്നത്. ഭര്‍ത്താവ്: കുമാരന്‍. മക്കള്‍: ജയേഷ്, ജിതേഷ് (പോലീസ് ഡോഗ് സ്‌ക്വാഡ്, പയ്യോളി ), ജിനോയ് (ചേവായൂര്‍ പോലീസ് സ്റ്റേഷന്‍). മരുമക്കള്‍: ജിജി, നിത്യ, ഇന്ദു.


No comments