Breaking News

സംസ്ഥാനത്തുടനീളം പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ വ്യാപക റെയ്ഡ്; നേതാക്കൾ കസ്റ്റഡിയിൽ ജില്ലയിലെ നേതാക്കളുടെ വീട്ടിലും റെയ്ഡ്


തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ, ഇഡി പരിശോധന. ന്യൂഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന. കോഴിക്കോട് അർധരാത്രി തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. കേരളത്തിൽ 50 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തുന്നതെന്നാണ് വിവരം. അതിനിടെ പോപ്പുലർ ഫ്രണ്ട് സമിതി അംഗത്തേയും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രെട്ടറിയേയും കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് പിഎഫ്‌ഐ മുൻ ദേശീയ സമിതി അംഗത്തിന്റെ വീട്ടിൽ പരിശോധന നടത്തി. അഷറഫ് മൗലവിയുടെ വീട്ടിലാണ് എൻഐഎ പരിശോധന. മണക്കാട് ഓഫീസിലും പരിശോധന പുരോഗമിക്കുകയാണ്. പത്തനംതിട്ടയിൽ എസ്ഡിപിഐ ജില്ലാ സെക്രട്ടറി സാദിക് അഹമ്മദിന്റെ വീട്ടിലെ റെയ്ഡിന് പുറമേ പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡണ്ടിന്റെ പത്തനംതിട്ട കൊന്നമൂട്ടിലും റെയ്ഡ് നടത്തി. പുലർച്ചെ നാല് മണിക്കാണ് പത്തനംതിട്ടയിൽ റെയ്ഡ് നടത്തിയത്.

പോപ്പുലർ ഫ്രണ്ട് സമിതി അംഗം തൃശൂർ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെ കസ്റ്റഡിയിൽ എടുത്തു. പെരുമ്പിലാവിലെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷമാണ് സംഘം കസ്റ്റഡിയിൽ എടുത്തത്. പോപ്പുലർ ഫ്രണ്ട് തൃശൂർ ജില്ലാ ഓഫീസിൽ എൻഐഎ റെയ്ഡ് നടത്തി. ചാവക്കാട് തെക്കഞ്ചേരിയിലെ യൂണിറ്റി ഹൗസിലാണ് റെയ്ഡ്. എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രെട്ടറി പി കെ ഉസ്മാന്റെ കേച്ചേരിയിലെ വീട്ടിലും റെയ്ഡ് നടത്തി അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തു. മലപ്പുറത്ത് പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ എംഎ സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും ദേശീയ സെക്രട്ടറി നസറുദ്ധീൻ എളമരത്തിന്റെ വീട്ടിലും റെയ്ഡ് നടത്തി. പുത്തനത്താണി പൂവഞ്ചിനയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസായ മലബാർ ഹൗസിൽ പരിശോധന നടന്നു. കോട്ടയത്തും എൻഐഎ റെയ്ഡ് പുരോഗമിക്കുകയാണ്. ജില്ലാ നേതാക്കൾ അടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഇതിന് പുറമേ പലയിടങ്ങളിൽ നിന്നും ഡിജിറ്റൽ ഡിവൈസുകളും പിടിച്ചെടുത്തു.

No comments