Breaking News

കിനാനൂർ–-കരിന്തളം പഞ്ചായത്ത് പതിനേഴാം വാർഡ് കുടുംബശ്രീയുടെ ചെണ്ടുമല്ലി വിളവെടുപ്പ് സിഡിഎസ് 
ചെയർപേഴ്സൺ ഉഷ രാജു നിർവഹിക്കുന്നു




നീലേശ്വരം : നെൻമണികൾ കതിരിട്ടു നിന്നിടത്ത് ചെണ്ടുമല്ലികൾ പൂത്തുനിൽക്കുകയാണ്. കിനാനൂർ–-കരിന്തളം പഞ്ചായത്തിലെ പതിനേഴാം വാർഡിൽ തേജസ്വിനിക്കരയിലിപ്പോൾ ചെണ്ടുമല്ലി കൃഷിയിൽ വിജയം കൈവരിച്ചിരിക്കുകയാണ് കുടുംബശ്രീ അംഗങ്ങൾ.
ജില്ലാ മിഷന്റെ സംരംഭകത്വ പരിശീലനത്തിലാണ് ഇവർക്ക് ചെണ്ടുമല്ലി കൃഷിയിൽ താൽപ്പര്യമുണ്ടായത്‌. തുടർന്ന് മടിക്കൈ മൂന്ന് റോഡിലെ സ്വകാര്യ നഴ്സറിയിൽനിന്നും ഒരു തൈക്ക് നാല്‌ രൂപ നിരക്കിൽ 500 തൈകൾ വാങ്ങി കൃഷിയിറക്കി 75 സെന്റ്‌ സ്ഥലത്ത് നടത്തിയ കൃഷി ഓണത്തിന് വിളവെടുക്കാനാണ് ഉദ്ദേശിച്ചത്‌. മൊത്തം പൂക്കാത്തതിനാൽ 10 കിലോ മാത്രമാണ് ലഭിച്ചത്. എന്നാൽ കഴിഞ്ഞദിവസത്തെ വിളവെടുപ്പിൽ 50 കിലോ പൂക്കൾ ലഭിച്ചു. കിലോയ്ക്ക് 100 രൂപ നിരക്കിലാണ് വിപണനം.
ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് സിഡിഎസ് ചെയർപേഴ്സൺ ഉഷരാജു നിർവഹിച്ചു. വാർഡ് അംഗം കെ കൈരളി അധ്യക്ഷയായി. രോഹിണി സി കെ, കെ ധന്യ, ശ്രീവിദ്യ കെ പി, പി വി നാരായണി, കുടുംബശ്രീ അംഗങ്ങൾ സംബന്ധിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ വീണ്ടും വിളവെടുക്കാനുള്ള തയ്യാറെടുപ്പിലാണ് സുജാത സെക്രട്ടറിയും ധന്യ പ്രസിഡന്റുമായ പതിനേഴാം വാർഡിലെ കുടുംബശ്രീ അംഗങ്ങൾ.


No comments