Breaking News

വംശനാശ ഭീഷണി നേരിടുന്ന മണ്ണൂലി പാമ്പിന് നീലേശ്വരം കടിഞ്ഞിമൂലയിലെ ദിവാകരന്റെ കൃഷിയിടത്തിൽ സുഖവാസം


നീലേശ്വരം : വംശനാശ ഭീഷണി നേരിടുന്ന മണ്ണൂലി പാമ്പിന് നീലേശ്വരം കടിഞ്ഞിമൂലയില്‍ സുഖവാസം. അപൂര്‍വമായ ജീവിയെ കണ്ടപ്പോള്‍ കൗതുകം തോന്നിയ പ്രാദേശിക  കര്‍ഷക ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ദിവാകരന്‍ നീലേശ്വരം ഫോട്ടോയെടുത്ത് വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും ജന്തുശാസ്ത്രജ്ഞന്മാര്‍ക്കും അയച്ചു കൊടുത്തപ്പോഴാണ് അതിഥി ചില്ലറക്കാരനല്ലെന്ന് മനസ്സിലായത്. കാഴ്ചയില്‍ പെരുപ്പാമ്പിനോടും അണലിയോടും സാദ്യശ്യമുള്ള വിഷമില്ലാത്ത  പാമ്പാണ് മണ്ണൂലി. മണ്ണിനടിയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതു കൊണ്ടാണ് മണ്ണൂലി എന്ന പേര് കിട്ടിയത്. എറിക്‌സ് ജോണി എന്നാണ്  ശാസ്ത്ര നാമം. ഇന്ത്യന്‍ സാന്‍ഡ് ബോ ,ഇന്ത്യന്‍ റെഡ് ബോ എന്നീ പേരുകളുമുണ്ട്. അരമീറ്ററോളം നീളം വരും. ഒരു പ്രസവത്തില്‍ പതിനാലോളം കുഞ്ഞുങ്ങളുണ്ടാകും. ചേനത്തണ്ടന്‍ എന്ന് തെറ്റിദ്ധരിച്ച് തല്ലികൊല്ലുന്നതാണ് മണ്ണൂലിയുടെ ജീവന് പ്രധാന ഭീഷണി. കൃഷിയെ നശിപ്പിക്കുന്ന പുഴുക്കളെ തിന്നുന്നതു കൊണ്ട് കര്‍ഷകന്റെ ഉറ്റ മിത്രമാണ്.മണ്ണിനടയിലെ വേരുതീനി പുഴുക്കളും ചാണകപ്പുഴുക്കളും  ചെറിയ ഇനം  എലികളും പാമ്പുകളുമാണ് ഭക്ഷണം. വിഷമില്ലാത്തതിനാല്‍ ഇരയെ വരിഞ്ഞു മുറുക്കി കൊന്ന ശേഷമാണ് ഭക്ഷിക്കുന്നത്. ഉപദ്രവകാരികളല്ലാത്ത ശാന്ത സ്വഭാവത്തില്‍ പെട്ട പാമ്പു വര്‍ഗ്ഗത്തില്‍ പെട്ട മണ്ണൂലിയെ ദിവാകരന്റെ പുരയിടത്തിലെ വിശാലമായ ആവാസവ്യവസ്ഥയില്‍ തന്നെ ഇളക്കി വിടാനാണ്   വനം വകുപ്പില്‍ നിന്ന് കിട്ടിയ ഉപദേശം.

No comments