Breaking News

ഓണം ബമ്പർ ; എടുത്തത് നാട് ഒന്നാകെ അടിച്ചാൽ നാടിന് വെള്ളിക്കോത്ത് 226 പേർ ചേർന്നാണ് 40 ടിക്കറ്റ് വാങ്ങിയത്


കാഞ്ഞങ്ങാട് : കൂട്ടുകാർ ലോട്ടറി ടിക്കറ്റ് പങ്കിട്ടെടുക്കുന്നത് സാധാരണയാണ്. എന്നാൽ വെള്ളിക്കോത്ത് ബമ്പറെടുത്തത്, പത്തല്ല, നൂറല്ല... 226 പേർ ചേർന്നാണ്. ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ 40 ടിക്കറ്റാണ് വാങ്ങിവച്ചത്‌.
ഭാഗ്യം എവിടെയാണെന്ന് നിശ്ചയമില്ലാത്തതിനാൽ തിരുവനന്തപുരത്തും എറണാകുളത്തും പത്തനംതിട്ടയിലും കോഴിക്കോടും ഒക്കെ പോയാണ് ബമ്പറെടുത്തത്. മീൻകാരിയും ചെത്തുകാരനും കല്ല് പണിക്കാരനും തൊഴിലുറപ്പുകാരിയുമൊക്കെ ബമ്പറെടുക്കൽ കൂട്ടായ്മയുടെ ഭാ​ഗമായി.
സകല നാടുകളിൽ നിന്നും വെള്ളിക്കോത്ത് എത്തുന്നവരാണ് നൂറ് രൂപ ഷെയറിട്ട് ഭാ​ഗ്യം പരീക്ഷിക്കുന്നത്. നാലാം വർഷമാണ് കൂട്ടായി ലോട്ടറിയെടുക്കുന്നതെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു ) കാഞ്ഞങ്ങാട് ഏരിയാ ജോയിന്റ് സെക്രട്ടറി പി സരസൻ പറഞ്ഞു. ഇതുവരെ ഭാഗ്യം അടിച്ചിട്ടില്ലെങ്കിലും ഇത്തവണ ബമ്പർ തങ്ങൾക്കാണെന്ന് ഇവർ ആണയിടുന്നു. ലോട്ടറി എടുത്തവരുടെ പേരും ടിക്കറ്റിന്റെ ഫോട്ടോയും സ്റ്റാൻഡിൽ ഫ്ലക്സ് അടിച്ച് വച്ചിട്ടുമുണ്ട്. ഓട്ടോ തൊഴിലാളി യൂണിയൻ യൂണിറ്റ് സെക്രട്ടറി രാജീവൻ കണ്ണികുളങ്ങര, പ്രസിഡന്റ് കൊട്ടൻകുഞ്ഞി അടോട്ട് എന്നിവരാണ് ഏകോപനം. കൂടുതൽ ആളുകൾ സംഘത്തിൽ ചേരാൻ എത്തിയെങ്കിലും ക്വാറം തികഞ്ഞതോടെ തൽക്കാലം മടക്കി.
കഴിഞ്ഞ വർഷം 20 രൂപ വീതം വാങ്ങിയാണ് ബമ്പർ എടുത്തത്. കോവിഡ് കാലത്തൊക്കെ ഓട്ടോ തൊഴിലാളികൾ നാടിനായി ഏറെ സേവനം ചെയ്തിരുന്നു. സർക്കാരിന് വരുമാനം കിട്ടുക കൂടിയാണ് ലക്ഷ്യമെന്നും ബമ്പറടിച്ചാൽ എന്ത് ചെയ്യുമെന്ന് അപ്പോൾ പറയാമെന്നും സരസൻ വെള്ളിക്കോത്ത് പൊട്ടിച്ചിരിയോടെ പറഞ്ഞു.


No comments