Breaking News

സർഗ്ഗാത്മക നാടക വിദ്യാഭ്യാസം റീഡിംഗ് തീയ്യറ്ററിലൂടെ..... നാടകിൻ്റെ നേതൃത്വത്തിൽ റീഡിംഗ് തീയറ്ററിന് തുടക്കം ഇ പി രാജഗോപാലൻ ഉദ്ഘാടനം ചെയ്തു


തൃക്കരിപ്പൂർ:സെപ്തംബർ 17, 18 തീയ്യതികളിൽ നടക്കാവിൽ നടക്കുന്ന നാടക് കാസർഗോഡ് ജില്ലാ സമ്മേളനത്തിൻ്റെ അനുബന്ധ പരിപടിയായി ഈഡിപ്പസ് (റീഡിംഗ് തീയ്യറ്റർ) മാണിയാട്ട് വിജ്ഞാനദായനി വായനശാല ഓഡിറ്റോറ്റയത്തിൽ  അവതരിപ്പിച്ചു.സർഗ്ഗാത്മക നാടക വിദ്യാഭ്യാസം റീഡിംഗ് തീയ്യറ്ററിലൂടെ എന്ന ആശയുമായാണ് പരിപാടി സംഘടിപ്പിച്ചത്.പ്രശസ്ത നിരൂപകനും നാടക കൃത്തുമായ ഇ പി രാജഗോപാലൻ  ഉദഘാടനം ചെയ്തു.വി ശശി നീലേശ്വരം അധ്യക്ഷനായി.

നാടകത്തിൻ്റെ എഴുത്ത് (ടെക്സ്റ്റ് ) വെവ്വേറെ കഥാപാത്രങ്ങളായി നിന്ന് നോക്കി വായിക്കുന്ന ഏർപ്പാടാണ് റീഡിംഗ് തിയേറ്റർ.ആംഗികം, വാചികം,ആഹാര്യം, സാത്വികം എന്നീ അഭിനയഭാഗങ്ങളിൽ വാചികത്തെ പ്രധാനമായി കയ്യേൽക്കുന്ന  രീതിയാണിത്.ഭാവത്തിനൊത്ത് നാടകത്തിൻ്റെ എഴുത്തുപാഠം ഓരോരുത്തരായി വായിക്കും.ഏറെ നീണ്ട ചരിത്രമുള്ള കലാരൂപത്തിൻ്റെ ഗംഭീരമായ വൈവിധ്യം മനസ്സിലാക്കാൻ റീ ഡിംഗ് തീയ്യറ്റർ സഹായകമായിത്തീരുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ  ഇ പി രാജഗോപാലൻ മാസ്റ്റർ പറഞ്ഞു. വലിയ നാടകങ്ങളെന്ന പോലെ ചെറിയ നാടകങ്ങളും ശബ്ദരൂപങ്ങളായി ജനങ്ങൾക്ക് പരിചയപ്പെടുത്തിക്കൊടുക്കാനാവും.വലിയ ചെലവ് ഇല്ലാതെ തന്നെ  നാടകമെന്ന കലയുടെ സ്വഭാവമറിയാനുള്ള  ഒരു നീക്കമാണിത്. പണച്ചെലവ് കാര്യമായി ഇല്ലാതെ കിട്ടുന്ന ഭാഗികമായ തിയേറ്ററനുഭവം നാട്ടിലെ നാടകസാക്ഷരതയിൽ വലിയ സ്വാധീനമായിത്തീരുമെന്ന് അദ്ദേഹം പറഞ്ഞു.

ശരിയായ നാടകാവതരണത്തിന് പകരമല്ല റീഡിംഗ് തിയേറ്റർ എങ്കിലും അത് ഒരു പുതിയ നാടകവഴി തേടുയാണെന്ന് അദ്ദേഹം പറഞ്ഞു.

സി ജെ തോമസ് പരിഭാഷപ്പെടുത്തിയ സോഫോക്ലീസിൻ്റെ 'ഈഡിപ്പസി'ൻ്റെ അവസാനഭാഗം  ( ഉത്തരാങ്കം ) ആണ് അവതരിപ്പിച്ചത്.

വി ശശി നീലേശ്വരമാണ് നാടക സാക്ഷാൽക്കാരം.ഉദിനൂർ ബാലഗോപാലൻ,പി പി രാജൻ, പി.വി രാജൻ, പി. സത്യനാഥൻ, കെ വി ചന്ദ്രമോഹനൻ എന്നിവർ അരങ്ങിലെത്തി. പി പി ജയൻ കിനാത്തിൽ ആണ് സംഗീതം ഒരുക്കിയത്.


പരിപാടിയിൽ ഉദിനൂർ ബാലഗോപാലൻ, നാടക് ജില്ലാ സെക്രട്ടറി പി വി അനുമോദ് എന്നിവർ സംസാരിച്ചു. വായനശാല പ്രസിഡൻ്റ് കെ വി ബാബു സ്വാഗതവും സി സുരേശൻ നന്ദിയും പറഞ്ഞു.സെപ്തംബർ 13ന് വൈകിട്ട് നവാദയ വായനശാല ഇളംമ്പച്ചി, 14 ന് ഇ കെ നായനാർ മെമ്മോറിയൽ വായനശാല കൊടക്കാട് എന്നിവിടങ്ങളിൽ   റീഡിംഗ് തിയ്യറ്റർ  അവതരിപ്പിക്കും.

No comments