Breaking News

റബ്ബർ മേഖലയിലെ ഭാവി പദ്ധതികൾ; കണക്കെടുപ്പുമായി റബ്ബർ ബോർഡ്


വെള്ളരിക്കുണ്ട്: റബർ മേഖലയിൽ ഭാവിയിൽ ഏർപ്പെടുത്തേണ്ട പദ്ധതികളുടെ വിശകലനത്തിനായി റബർ ബോർഡ്‌ കൃഷിയുടെ കണക്കെടുപ്പ്‌ നടത്തും. കേരളത്തിലാണ് തുടക്കം. പ്രകൃതിദത്ത റബർ ഉൽപാദനം, ഉപഭോഗം, കൃഷി വികസനം, വികസനം, ഉൽപാദനക്ഷമത, വർധന, ഇറക്കുമതിയും കയറ്റുമതിയും എന്നീ വിഷയങ്ങളിൽ സർക്കാരിന് കൃത്യമായ നടപടി സ്വീകരിക്കാനാണ്‌ കണക്കെടുപ്പ്‌.  

ബോർഡിന്റെ ആനുകൂല്യം പറ്റുന്ന കർഷകരുടെ വിവരങ്ങൾ കൂടാതെ മറ്റ് കർഷകരെയും കൃഷിയെയും ഉൾപ്പെടുത്തിയാണ് സർവേ. റബർ ഉൽപാദകസംഘവുമായി സഹകരിച്ചാണ് എന്യുമറേറ്റർമാർ കണക്കെടുപ്പ്‌ നടത്തുന്നത്‌. അടുത്ത വർഷം മാർച്ചിൽ പൂർത്തിയാകും. 1998-ലാണ് ഇതിനുമുമ്പ് ഇത്തരത്തിലുള്ള സർവേ നടന്നത്.

 

സബ്സിഡിക്ക് ഇപ്പോൾ അപേക്ഷിക്കാം

കാസർകോട് റബറിന് 170 രൂപ ഉറപ്പാക്കി കർഷകർക്ക് ശേഷിച്ച തുക നൽകുന്ന പദ്ധതിക്ക് വീണ്ടും തുടക്കം.  വിലസ്ഥിരതാ പദ്ധതിയുടെ എട്ടാം ഘട്ടമാണിത്. പുതുതായി പദ്ധതിയില്‍ ചേരുന്നവര്‍ക്കും നവംബർ 30നകം  അപേക്ഷിക്കാം. ആധാർ അടക്കമുള്ള തിരിച്ചറിയൽ കാർഡ്‌ നൽകണം. ഇവർക്ക്‌ ജൂലൈ മുതലുള്ള ബില്ലിൽ സബ്‌സിഡി കിട്ടും. 

നേരത്തെ അംഗങ്ങളായവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. അതേസമയം ഭൂനികുതി രസീത്, റബർ ഉൽപാദക സംഘത്തിൽ നൽകി രജിസ്ട്രേഷൻ പുതുക്കണം. ഇതിന്  സമയപരിധിയില്ല. പുതുക്കിയവർക്ക് മാത്രമേ കഴിഞ്ഞ ജൂലൈ മുതലുള്ള ബില്ലിൽ സബ്‌സിഡി കിട്ടൂ. 

കഴിഞ്ഞ ബജറ്റിലാണ് റബര്‍ സബ്സിഡിക്കായി സംസ്ഥാന സര്‍ക്കാര്‍ 500 കോടി രൂപ നീക്കിവച്ചത്.

No comments