സുഹൃദ് വലയങ്ങളിൽ അപ്രതീക്ഷിത വേദന പടർത്തി എഴുത്തുകാരൻ ത്യാഗരാജൻ ചാളക്കടവിൻ്റെ അകാല വിയോഗം
കാഞ്ഞങ്ങാട്: കഥാകൃത്തും എഴുത്തുകാരനും കാഞ്ഞങ്ങാട് ഡി.സി.ബുക്സിലെ സെയിൽസ് മാനേജരുമായ ത്യാഗരാജൻ ചാളക്കടവിൻ്റെ വിയോഗം കനത്ത ദുഖവും ആഘാതവുമാണ് സുഹൃദ് വലയങ്ങൾക്ക് സമ്മാനിച്ചത്. ഒരാഴ്ച മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. വീട്ടിൽ വിശ്രമിക്കുന്നതിനിടെ ഇന്നലെ വൈകിട്ട് വീണ്ടും ഹൃദയാഘാതം അനുഭവപ്പെടുകയും ഉടനെ നീലേശ്വരം തേജസ്വിനി ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭൗതിക ശരീരം രാവിലെ 9 മണിക്ക് ചാളക്കടവ് കർഷകകലാവേദിയിൽ പൊതുദർശനത്തിന് വച്ച ശേഷം 11 മണിക്ക് സംസ്കരിക്കും.
കാഞ്ഞങ്ങാട് മഹാകവി പി സ്മാരക സമിതിയുടേയും ചാളക്കടവ് കർഷകകലാവേദിയുടേയും എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമാണ്. പകൽഗാമി, ശരീരസമേതം തുടങ്ങിയ ചെറുകഥാ സമാഹാരങ്ങൾ അടക്കം നിരവധി കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരേതനായ യു.വി.കൃഷ്ണന്റെയും ലക്ഷ്മിയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ മുകേഷ്, രേഖ, ചിത്ര.
No comments