Breaking News

വെള്ളരിക്കുണ്ട് വ്യാപാര മഹോത്സവത്തിന് വർണ്ണാഭമായ തുടക്കം വ്യാപാരഭവൻ ഹാളിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി മേള ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: മലയോര താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിൽ നാലു മാസം നീണ്ടു നിൽക്കുന്ന വ്യാപാര മഹോത്സവത്തിന് ഉത്സവാന്തരീക്ഷത്തിൽ തുടക്കം. നൂറ് കണക്കിന് വ്യാപാരി പ്രതിനിധികൾ പങ്കെടുത്ത വർണ്ണശബളമായ ഘോഷയാത്രയോടെയാണ് വ്യാപാര മഹോത്സവത്തിന് തുടക്കം കുറിച്ചത്.

വിശക്കുന്നവർക്ക്‌ ഒരുനേരത്തെ ഭക്ഷണം ഉൾപ്പെടെയുള്ള ജനസേവന പദ്ധതികളോടെ നടക്കുന്ന   വ്യാപാരമഹോത്സവം നിരവധി ആളുകളെ സാക്ഷിയാക്കി  വെള്ളരിക്കുണ്ട് വ്യാപാരഭവൻ ഹാളിൽ രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉത്ഘാടനം ചെയ്തു

വ്യാപാര മേഖലയിൽ പതിറ്റാണ്ടു കളുടെ പാരമ്പര്യമുള്ള വെള്ളരിക്കുണ്ടിൽ  ആദ്യമായാണ് വ്യാപാര മഹോത്സവം നടക്കുന്നത്. നാലു മാസം നീണ്ടു നിൽക്കുന്ന വ്യാപാരമഹോത്സവത്തിൽ ഓരോ മാസവും നിരവധി സമ്മാനപദ്ധതികളും ഒരുക്കിയിട്ടുണ്ട്. ഡിസംബർ 31 ന് ബംപർ നറുക്കെടുക്കെടുപ്പിലൂലെ മെഗാസമ്മാനമായി ബുള്ളറ്റ്, സ്ക്കൂട്ടി, ഗിഫ്റ്റ് വൗച്ചർ എന്നിവയും നൽകും.

എല്ലാമാസവും 30 ന് ആയിരിക്കും ഭാഗ്യശാലികളെ കണ്ടെത്തുന്ന നറുക്കെടുപ്പ് നടക്കുക. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് സമ്മാനകൂപ്പൺ വിതരണവും, വിശപ്പ് രഹിത വെള്ളരിക്കുണ്ട് എന്ന പദ്ധതി ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയവും  ഉത്ഘാടനം ചെയ്തു.

ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ അധ്യക്ഷതവഹിച്ചു.

വെള്ളരിക്കുണ്ടിലെ വ്യാപാരസ്ഥാപനങ്ങളുടെ യും ആശുപത്രികൾ മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുത്തി കൊണ്ട് തയ്യാറാക്കിയ ടെലഫോൺ ഡയറക്ടറി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ. ജെ. സജി പ്രകാശനം ചെയ്തു.

 വിവിധ മേഖലകളിൽ ശ്രദ്ധേയരായ സിബി റോയൽ, ഡോളി ജോസഫ്, മനു തയ്യിൽ, ബഷീർ അരീക്കോടൻ, ലിബിൻ ജേക്കബ്ബ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ജില്ലാ പഞ്ചായത്ത്‌ അംഗം ഷിനോജ് ചാക്കോ, ബളാൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം. രാധാമണി. ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ഷോബി ജോസഫ്, സി. രേഖ, വാർഡ് മെമ്പർമാരായ വിനു കെ.ആർ, സിൽവി ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കാനാട്ട്, സാം സെബാസ്റ്റ്യൻ, മായാ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

യൂണിറ്റ് ജനറൽ സെക്രട്ടറി ബിജി ജോൺ സ്വാഗതവും ട്രഷറർ കെ.എം കേശവൻ നമ്പീശൻ നന്ദിയും പറഞ്ഞു

No comments