Breaking News

കാൽപന്തു കളിയുടെ രാജാവ് മറഡോണയുടെ പൂർണകായ ശിൽപം ഒരുങ്ങുന്നു


നീലേശ്വരം : ഖത്തർ ലോകകപ്പിനെ വരവേൽക്കാൻ ലോകം ഒരുങ്ങുമ്പോൾ, കാൽപന്തു കളിയുടെ രാജാവ് മറഡോണയുടെ പൂർണകായ ശിൽപം ഒരുങ്ങുന്നു. കണ്ണൂരിൽ മറഡോണ വന്നപ്പോൾ താമസിച്ച ഹോട്ടൽ ബ്ലൂ നൈലിന്റെ മുറ്റത്ത്‌ സ്ഥാപിക്കാൻ ശിൽപി ചിത്രൻ കുഞ്ഞിമംഗലമാണ്‌ പ്രതിമ ഒരുക്കിയത്‌. ദുർഗാ ഹയർസെക്കൻഡറി സ്‌കൂൾ ചിത്രകലാ അധ്യാപകനാണ്‌ ചിത്രൻ.
പന്തുമായി ഓടിയടുക്കുന്ന മറഡോണയുടെ ജീവൻ തുടിക്കുന്ന ശിൽപം ആരാധകർക്ക് ആവേശം പകരും. ഇന്ത്യയിൽ മറഡോണ ശിൽപം ആദ്യമായാണ് ഇത്രയും വലുത്‌ തയ്യാറാക്കുന്നത്.
5.2 അടി ഉയരമാണ് ശിൽപത്തിനുള്ളത്. അർജന്റീനയുടെ പത്താം നമ്പർ ജഴ്സിയണിഞ്ഞ് പന്തുമായി മുന്നോട്ടു നീങ്ങുന്ന ശിൽപം ഫൈബർ ഗ്ലാസിലാണ് നിർമിച്ചത്. മറഡോണ ലോകകപ്പ് കളിക്കുന്ന സമയത്തുള്ള ഫോട്ടോകളും വീഡിയോകളും നോക്കിയാണ്‌ ചിത്രൻ രൂപം മെനഞ്ഞത്‌. മൂന്നു മാസം സമയമെടുത്തു പൂർത്തിയാക്കാൻ.
മറഡോണയുടെ കടുത്ത ആരാധകനായ ബ്ലൂനൈൽ ഹോട്ടൽ ചെയർമാൻ വി രവീന്ദ്രന്റെ ആഗ്രഹം കൂടിയാണ്‌ പ്രതിമ. ഹോട്ടലിൽ അദ്ദേഹം താമസിച്ച മുറി ഇന്നും അതേപോലെ സംരക്ഷിച്ചിട്ടുണ്ട്.
കെ ചിത്ര, കെ വി കിഷോർ, ശശികുമാർ, സുനീഷ്,അർജുൻ തുടങ്ങിയവർ ശിൽപ നിർമാണത്തിൽ സഹായിച്ചു.


No comments