ഗാന്ധി ജയന്തി ദിനാചരണം; അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂൾ കുട്ടികൾക്കായി വിവിധ മത്സരപരിപാടികൾ സംഘടിപ്പിച്ചു
അമ്പലത്തറ : ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളുകളിലെ കുട്ടികൾക്കായി വിവിധ മത്സരപരിപാടികൾ സംഘടിപ്പിച്ചു. അമ്പലത്തറ പോലീസ് സ്റ്റേഷനിലാണ് പരിപാടി സംഘടിപ്പിച്ചത്. ശിശു സൗഹൃദ പോലീസ് വിങ്ങിന്റെ വെൽഫയർ ഓഫീസർ എ.എസ്.ഐ സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ ടി.കെ മുകുന്ദൻ അധ്യക്ഷത വഹിച്ച പരിപാടി ബേക്കൽ സബ്ഡിവിഷൻ DYSP സി. കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. അമ്പലത്തറ വാർഡ് മെമ്പർ ശ്രീ സബിത, സബ്ഇൻസ്പെക്ടർ വിജയകുമാരൻ നായർ, കാസർകോട് ജില്ലാ ശിശുസൗഹൃദ പോലീസ് കോഡിനേറ്റർ എന്നിവർ മുഖ്യാതിഥികളായിരുന്നു. വിവിധ മേഖലകളിൽ പ്രവർത്തിച്ച റിട്ടേഡ് അധ്യാപകൻ ജയരാജൻ മാസ്റ്ററെ ആദരിക്കൽ ചടങ്ങും നടന്നു. അമ്പലത്തറ പോലീസ് സ്റ്റേഷൻ റൈറ്റർ പ്രകാശൻ ചടങ്ങിന് നന്ദി പറഞ്ഞു. കുട്ടികളുടെ സർഗാത്മക ശേഷി കണ്ടെത്തുവാനും അവയെ പരിപോഷിപ്പിക്കാനും ഇത്തരത്തിലൊരു പരിപാടി കൊണ്ട് സാധിച്ചു. അതിലുപരി ശിശുസൗഹൃദ പോലീസ് വിങ്ങിനെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ശിശുസൗഹൃദ പോലീസ് സംവിധാനം പൂർണമായി കുട്ടികൾ ഉപയോഗപ്പെടുത്താനും കുട്ടികളെ ഓർമ്മിപ്പിച്ചു. ജി എച്ച് എസ് എസ് അട്ടേങ്ങാനം, ജി എച്ച് എസ് എസ് തായന്നൂർ, സദ്ഗുരു പബ്ലിക് സ്കൂൾ, ജിവിഎച്ച്എസ്എസ് അമ്പലത്തറ, ജി എച്ച് എസ് എസ് ഉദയ നഗർ എന്നീ സ്കൂളുകൾ മത്സര പരിപാടിയിൽ പങ്കെടുത്ത് സമ്മാനാർഹരായി.
No comments