Breaking News

നിയമ പഠനത്തിന് മംഗലാപുരത്തെ ആശ്രയിക്കേണ്ട കണ്ണൂർ സർവകലാശാല മഞ്ചേശ്വരം ക്യാമ്പസിൽ ത്രിവത്സര എൽഎൽബി കോഴ്‌സ്‌ തുടങ്ങുന്നു


കാസർകോട്‌:  കണ്ണൂർ സർവകലാശാല മഞ്ചേശ്വരം ക്യാമ്പസിൽ ത്രിവത്സര എൽഎൽബി കോഴ്‌സ്‌ തുടങ്ങുന്നത് ജില്ലയിൽ വിദ്യാർഥികൾക്ക്‌ മികച്ച നേട്ടമാകും. ജില്ലയിലെ വിദ്യാർഥികൾ  കൂടുതലും നിയമപഠനത്തിന്‌ കർണാടകയിലേക്കാണ്‌ പോകുന്നത്‌. മംഗളൂരു, സുള്ള്യ, പുത്തൂർ, ഉഡുപ്പി എന്നിവിടങ്ങളിലെ കൊളേജുകളിൽ നിരവധി വിദ്യാർഥികൾ പഠിക്കുന്നുണ്ട്‌. വർഷങ്ങളായുള്ള ആവശ്യമാണ്‌ ജില്ലയിൽ ലോ കോളേജ്‌. ഇതിന്‌ പരിഹാരമായാണ്‌ കണ്ണൂർ സർവകലാശാല മഞ്ചേശ്വരം ക്യാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ കഴിഞ്ഞ വർഷം നവംബറിൽ ദ്വിവർഷ എൽഎൽഎം കോഴ്‌സ്‌ ആരംഭിച്ചത്‌.  20 സീറ്റുണ്ട്‌. രണ്ടാം ബാച്ചിന്റെ പ്രവേശനം തുടങ്ങി. സർവകലാശാലയുടെ എട്ടാമത്തെ ക്യാമ്പസാണിത്‌. 

  സി എച്ച്‌ കുഞ്ഞമ്പു മഞ്ചേശ്വരം എംഎൽഎ ആയിരിക്കെയാണ്‌ ഇടപെടലിൽ 10 ഏക്കർ സ്ഥലം സർവകലാശാലക്ക്‌ അനുവദിച്ചത്‌. കെട്ടിടം നിർമിച്ച്‌ സ്ഥലം കാടുമൂടി കിടക്കാൻ തുടങ്ങിയതോടെയാണ്‌ സംസ്ഥാന സർക്കാർ ഇടപെട്ട്‌ നിയമപഠന കേന്ദ്രം ആരംഭിക്കുന്നത്‌. സിപിഐ എം ജില്ലാ സെക്രട്ടറി എം വിബാലകൃഷ്‌ണൻ വിഷയത്തിൽ നിരന്തരം ഇടപെട്ട്‌ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എ കെ എം അഷറഫ്‌ എംഎൽഎ  ആസ്‌തി വികസന ഫണ്ടിൽ ഫർണിച്ചറുകൾക്കായി  തുക നൽകി.

വികസനത്തിന്‌ അഞ്ച്‌ കോടി ത്രിവർഷ എൽഎൽബി കോഴ്‌സിനായി പിന്നീട്‌ നിരന്തര ശ്രമം നടത്തി. ബാർ കൗൺസിൽ നിഷ്‌കർഷിക്കുന്ന സൗകര്യങ്ങൾ ക്യാമ്പസിലൊരുക്കി.  കഴിഞ്ഞ ജൂണിൽ ബാർ കൗൺസിൽ സംഘം പരിശോധന നടത്തി. ആഗസ്‌തിൽ കോഴ്‌സിന്‌ അനുമതി ലഭിച്ചു. 60 സീറ്റുള്ള കോഴ്‌സിൽ പഠനം നവംബറിൽ തുടങ്ങും. ക്യാമ്പസിൽ ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ അഞ്ച്‌ കോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ട്‌.

No comments