Breaking News

മാവുങ്കാലിൽ മാനസിക അസ്വാസ്ഥ്യമുള്ള യുവാവ്‌ വൈദ്യുതി ലൈനിൽ നടന്നും കിടന്നും ഊഞ്ഞാലാടിയും നാട്ടുകാരിൽ ഭീതിപരത്തിയത് മണിക്കൂറുകളോളം




കാഞ്ഞങ്ങാട് : കള്ളനെന്നു സംശയിച്ച നാട്ടുകാർ പിടികൂടാൻ ശ്രമിച്ചപ്പോൾ, യുവാവ്‌ രക്ഷപ്പെടാൻ ട്രാൻസ്ഫോമറിൽ കയറി. മാനസിക അസ്വാസ്ഥ്യമുള്ള ഇയാൾ വൈദ്യുതി ലൈനിൽ കൂടി നടന്നും കിടന്നും ഊഞ്ഞാലാടിയത്‌ നാട്ടുകാരിൽ ഭീതിപരത്തി.
കാഞ്ഞങ്ങാട്‌ നെല്ലിക്കാട്ട്‌ പൈരടുക്കം റോഡിന് എതിർ വശത്ത് വീടുകളിൽ കയറി, യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ്‌ നാട്ടുകാർ അതിഥിത്തൊഴിലാളിയായ യുവാവിനെ ഓടിച്ചത്‌. രക്ഷപ്പെടാൻ, പൈരടുക്കം കുളത്തിനു സമീപത്തെ ട്രാൻസ്‌ഫോർമറിൽ കയറി. നാട്ടുകാർ ഉടൻ കെഎസ്ഇബി ഓഫീസിൽ വിവരം അറിയിച്ചതിനാൽ പകൽ ഒന്നരയോടെ ലൈൻ ഓഫാക്കി. തുടർന്ന് സബ്‌ എൻജിനീയർ സുനിൽ, ഓവർസിയർമാരായ ഗണേഷ്, വിനോദ്, ലൈൻമാന്മാരായ ബിജു, ഗോപി, ജിതിൻ, ഡ്രൈവർ ചന്ദ്രശേഖരൻ എന്നിവർ സ്ഥലത്തെത്തി യുവാവിനെ താഴെയിറക്കാൻ നോക്കി. എന്നാൽ ഇയാൾ ഉയരമുളള വൈദ്യുതി തൂണിനു മുകളിലേക്ക്‌ മാറി. തുടർന്ന്‌ ഓഫീസർ പി വി പവിത്രന്റെ നേതൃത്വത്തിൽ രണ്ടുയൂണിറ്റ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
സേനാംഗങ്ങൾ ഏണി വച്ച് മുകളിൽ കയറുമ്പോൾ യുവാവ് വൈദ്യുതി കമ്പിയിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടന്നു; ഊഞ്ഞാലാടിക്കളിച്ചു. യുവാവ് താഴെക്കു ചാടിയാൽ പരിക്കേൽക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധയോടെ നിലയുറപ്പിച്ചു.
ഒരു മണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ രണ്ടരയോടെ പൊലീസ്‌ എസ്‌ഐമാരായ സതീശൻ, ശരത്ത്, അഗ്നി രക്ഷാ സേനയിലെ എച്ച് ഉമേശൻ, വി എം വിനീത് എന്നിവർ തൂണിൽ കയറി യുവാവിനെ കിഴ്പെടുത്തി താഴെയിറക്കി.
മനോനില തെറ്റിയ ബിഹാർ സ്വദേശിയായ യുവാവ് മൂന്നാംമൈലിലെ സ്നേഹാലയത്തിൽ നിന്നും ശനി രാവിലെ ചാടിയതാണ്‌. ഇയാളെ തിരികെ സ്‌നേഹാലയത്തിലെത്തിച്ചു



No comments