ആലക്കോട് പാലം പുനർനിർമ്മാണത്തിനെതിരെ സ്വകാര്യ വ്യക്തി നൽകിയ കേസ് തളിപ്പറമ്പ് മുൻസിഫ് കോടതി തള്ളി
ആലക്കോട്: മലയോര ഹൈവേയിൽ പുനർനിർമ്മാണം നടക്കുന്ന ആലക്കോട് പാലം നിർമ്മാണത്തിനെതിരെ സ്വകാര്യ വ്യക്തി നൽകിയ കേസ് തളിപ്പറമ്പ് മുൻസിഫ് കോടതി തള്ളി.
പാലത്തിന് സമീപത്തെ പുറക്കാട്ട് ബൈജു നൽകിയ പരാതിയാണ് മുൻസിഫ് മജിസ്ട്രേട്ട് ആഷിക് ഷാജഹാൻ തള്ളിയത്. തന്റെ സ്ഥലം കയ്യേറിയാണ് പാലം പുനർനിർമ്മിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാരിനെയും പൊതുമരാമത്ത് വകുപ്പിനെയും എതിർകക്ഷികളാക്കി ബൈജു കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നത്.
2019 മുതൽ കേസ് സംബന്ധിച്ച നടപടികൾ കോടതിയിൽ നടന്നുവരികയായിരുന്നു. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് അനുകൂലമായ തെളിവുകളും മറ്റും ഹാജരാക്കുന്നതിന് പരാതിക്കാരന് കഴിയാത്ത സാഹചര്യത്തിലാണ് കേസ് കോടതി തള്ളിയത്. ആലക്കോട് പാലം പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് രണ്ട് വർഷത്തിലധികമായി നടന്നുവരുന്ന നിയമ യുദ്ധങ്ങൾക്കൊടുവിലാണ് പാലം നിർമ്മാണം പുനരാരംഭിക്കുന്നതിന് കഴിയുന്നവിധത്തിൽ അനുകൂലമായ കോടതി ഉത്തരവുണ്ടായത്. ഇതിന് മുൻപു ബൈജുവിന്റെ ഹർജി തളിപ്പറമ്പ് മുൻസിഫ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ
ബൈജു നൽകിയ ഹർജിയിൽ ഇടക്കാല കോടതി സ്റ്റേ ഉത്തരവും പിന്നീട് പയ്യന്നൂർ സബ് കോടതി അപ്പീൽ ഹർജിയും അനുവദിച്ചിരുന്നു. ഇതേത്തുടർന്ന് പാലം പുനർനിർമ്മാണം പാതിവഴിയിൽ നിലച്ചിരിക്കുകയായിരുന്നു. അപ്പീൽ അനുവദിച്ച ഘട്ടത്തിൽ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് കോടതിയിൽ നിലവിലുള്ള
കേസിൽ മൂന്ന് മാസത്തിനുള്ളിൽ തീർപ്പാക്കാൻ പയ്യന്നൂർ സബ് കോടതി ഉത്തരവിട്ടിരുന്നു. ഇതിൽ
കോടതി നിർദേശ പ്രകാരം
ഹെഡ്സർവെയറുടെ നേതൃത്വത്തിൽ നടത്തിയ സർവേയിൽ പാലം പുറമ്പോക്ക് ഭൂമിയിൽ കയ്യേറ്റം നടന്നതായും കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കിയിരുന്നു.
ഗവ. പ്ലീഡർ അഡ്വ. കെ. അനൂപ്കുമാറാണ്
സർക്കാരിനുവേണ്ടി കോടതിയിൽ ഹാജരായത്.പാലം നിർമ്മാണത്തിനെതിരായ കേസ് കോടതി തള്ളിയ സാഹചര്യത്തിൽ പ്രവൃത്തി അടിയന്തരമായി പുനരാരംഭിക്കാനുള്ള തീരുമാനത്തിലാണ്
പൊതുമരാമത്ത് വകുപ്പ്. സ്ഥലത്തർക്ക വിവാദങ്ങളിലും കേസുകളിലും കുടുങ്ങി പാലം പുനർനിർമ്മാണം പാതിവഴിയിൽ നിലച്ചതിനെത്തുടർന്ന് പ്രവൃത്തി പുനരാരംഭിക്കുന്നതിനായി
അഡ്വ. സജീവ് എം.എൽ.എ, പൊതുമരാമത്ത് വകുപ്പ്, ആലക്കോട് പഞ്ചായത്ത്, പാലം ജനകീയ കമ്മിറ്റി കൺവീനർ കെ.പി സാബു തുടങ്ങിയവരുടെ നേതൃത്വത്തിൽ അധികൃതർ നിരന്തര ശ്രമങ്ങൾ നടത്തിവരികയായിരുന്നു. ഇതിനൊടുവിലാണ് പാലം നിർമ്മാണത്തിന് അനുകൂലമായ കോടതി ഉത്തരവുണ്ടായത്. കോടതി ഉത്തരവിന്റെ സാഹചര്യത്തിൽ പാലം നിർമ്മാണം ഉടൻ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
No comments