കുമ്പള അനന്ത പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബബിയ മുതലയുടെ പേരിൽ പ്രത്യേക കവർ പുറത്തിറക്കി തപാൽ വകുപ്പ്
കാസർഗോഡ്: കുമ്പള അനന്ത പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബബിയ മുതലയുടെ പേരിൽ പ്രത്യേക കവർ പുറത്തിറക്കി തപാൽ വകുപ്പ്. കുമ്പള പോസ്റ്റ് ഓഫീസിലായിരുന്നു കവറിന്റെ പ്രകാശന ചടങ്ങ് നടന്നത്. കാസർഗോഡ് ജില്ലാ പോസ്റ്റൽ സൂപ്രണ്ട് വി ശാരദയാണ് കവർ പ്രകാശനം ചെയ്തത്. പത്ത് രൂപ നിരക്കിൽ വിവിധ ഫിലാറ്റലിക് ബ്യൂറോകളിൽ നിന്നും സ്പെഷ്യൽ കവർ വാങ്ങാവുന്നതാണ്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ബബിയ എന്ന മുതല ചത്തത്. 75 വയസ് പ്രായമുള്ള മുതല സസ്യാഹാരിയായിരുന്നുവെന്നാണ് ക്ഷേത്രത്തിന്റെ അധികൃതർ അവകാശപ്പെട്ടിരുന്നത്. ഇന്ത്യയിലെ ഏക തടാക ക്ഷേത്രമാണ് അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രം. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൻറെ മൂലസ്ഥാനമാണ് അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം. തടാകത്തിൽ നിന്ന് കരയ്ക്ക് കയറി ശ്രീകോവിലിനടുത്തെത്തുന്ന മുതലയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരണം നേടിയിരുന്നു.
No comments