Breaking News

കോട്ടപ്പുറത്ത് ബോട്ട് അപകടം ദുരന്ത നിവാരണത്തിന്റെ മാതൃക തീർത്ത് മോക്ഡ്രിൽ


കോട്ടപ്പുറത്ത് നിന്ന് രാവിലെ 9.30 നാണ് എട്ട് വിനോദ സഞ്ചാരികളും അഞ്ച് ജീവനക്കാരും അടങ്ങുന്ന ഹൗസ് ബോട്ട് പുറപ്പെട്ടത്. കനത്ത മഴയിലും കാറ്റിലും നിയന്ത്രണം നഷ്ടപ്പെട്ട ബോട്ടിന്റെ എഞ്ചിനില്‍ വെള്ളം കയറുകയും പുഴയില്‍ ഒറ്റപ്പെടുകയും ചെയ്തു. ആടിയുലഞ്ഞ ഹൗസ് ബോട്ടില്‍ നിന്ന് ആറ് യാത്രക്കാര്‍ കായലിലേക്ക് വീണു.  ഉടന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനയും ദേശീയ ദുരന്ത പ്രതികരണ സേനയും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു.   യാത്രക്കാരുടെ നിലവിളിയും ആംബുലന്‍സ് സൈറണും കേട്ട് പ്രദേശവാസികളെല്ലാം സ്ഥലത്തേക്ക് ഓടിയെത്തി. മോക്ഡ്രില്‍ ആണെന്ന് നാട്ടുകാര്‍ അറിഞ്ഞത് അപ്പോഴായിരുന്നു.

 

തേജസ്വിനി പുഴയില്‍ കോട്ടപ്പുറം- അച്ചാംതുരുത്തി പാലത്തിന് സമീപമാണ് ബോട്ട് അപകടത്തിന്റെ മോക്ഡ്രില്‍ സംഘടിപ്പിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട് എഞ്ചിന്‍ തകരാറിലായ ഹൗസ് ബോട്ട് അപകടത്തിലാണെന്ന് കളക്ടറേറ്റ്് കണ്‍ട്രോള്‍ റൂമിലേക്ക് വിവരം ലഭിച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേന, പൊലീസ് കണ്‍ട്രോള്‍ റൂം താലൂക്ക് കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളിലേക്ക് വിവരം കൈമാറി. ഇന്‍സിഡന്റ് കമാന്‍ഡറായ തഹസില്‍ദാര്‍ സ്ഥലത്തെത്തി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ഓഫീസറുടെ നേതൃത്വത്തിലുള്ള 15 അംഗ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനാംഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു.തഹസില്‍ദാര്‍ ആവശ്യപ്പെട്ട പ്രകാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി  മുഖേന ജില്ലയിലുണ്ടായിരുന്ന എന്‍.ഡി.ആര്‍.എഫിന്റെ സേവനം രക്ഷാപ്രവര്‍ത്തനത്തിനായി പ്രയോജനപ്പെടുത്തി. 


ബോട്ടിലെ സഞ്ചാരികളായ എട്ട് പേരില്‍  നാല് പേരെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സും ബാക്കി നാല് പേരെ എന്‍.ഡി.ആര്‍.എഫും രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരെ കരക്കെത്തിച്ച്  മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റവരെ ആംബുലന്‍സില്‍ നീലേശ്വരം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റി. ഹൗസ് ബോട്ടിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരെയും സുരക്ഷിതമായി കരക്കെത്തിച്ചു. 


രണ്ട് മണിക്കൂറോളം നീണ്ട മോക് ഡ്രില്ലിലൂടെ ബോട്ട് അപകടമുണ്ടായാല്‍ സ്വീകരിക്കേണ്ട അടിയന്തിര നടപടികളെ കുറിച്ചും രക്ഷാപ്രവര്‍ത്തനത്തെ കുറിച്ചും അവബോധം നല്‍കുകയായിരുന്നു ലക്ഷ്യം. നിലവിലെ രക്ഷാദൗത്യ സംവിധാനങ്ങള്‍ കാര്യക്ഷമമാണോ എന്ന് തിരിച്ചറിയുന്നതിനും കൂടിയുള്ളതായി മോക്ഡ്രില്‍. 


സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, അസിസ്റ്റന്റ് കളക്ടര്‍ ഡോ മിഥുന്‍ പ്രേംരാജ് , നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത , എ.ഡി.എം എ.കെ രമേന്ദ്രന്‍, ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍, എന്‍.ഡി.ആര്‍.എഫ് അസിസ്റ്റന്റ് കമാന്‍ഡന്‍ഡ് പ്രവീണ്‍ എസ് പ്രസാദ് , എന്‍.ഡി.ആര്‍.എഫ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് ജി ചീനാത്ത്,  ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍ മണിരാജ്,  വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി, കൗണ്‍സിലര്‍മാരായ വി ഗൗരി, ഷംസുദ്ദീന്‍ അരിഞ്ചിറ , റഫീഖ് കോട്ടപ്പുറം, എം.കെ വിനയരാജ്, നീലേശ്വരം നഗരസഭാ സെക്രട്ടറി കെ മനോജ് കുമാര്‍,   ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കാഞ്ഞങ്ങാട് സ്റ്റേഷന്‍ ഓഫീസര്‍ പി.വി പവിത്രന്‍ , തൃക്കരിപ്പൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ.എം ശ്രീനാഥ് ,  നീലേശ്വരം പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ.പി ശ്രീഹരി, തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രസാദ് എബ്രഹാം,  ചന്തേര എസ്.ഐ എം.സതീശന്‍ , ദുരന്ത നിവാരണ വിഭാഗം ഹസാര്‍ഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ്,  ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, സിവില്‍ ഡിഫന്‍സ് സേന ഡിവിഷണല്‍ വാര്‍ഡന്‍ പി. മനോജ്, കാഞ്ഞങ്ങാട് പോസ്റ്റ് വാര്‍ഡന്‍ പി.പി പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഇരുപതോളം സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍,  നീലേശ്വരം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ഗോപിക ഗോപിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം, ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളായ കെ ശിവദാസ്, എ.വി വിനോദ് കുമാര്‍  തുടങ്ങിയവര്‍ മോക്ഡ്രില്ലിന് നേതൃത്വം നല്‍കി. 


മോക് ഡ്രില്ലിന് ശേഷം ഹൗസ് ബോട്ട് ഉടമകള്‍, ജീവനക്കാര്‍, സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍, എന്നിവര്‍ക്കായി ജലസുരക്ഷ സംബന്ധിച്ചും അഗ്നി സുരക്ഷ സംബന്ധിച്ചും ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. ദേശീയ ദുരന്ത പ്രതികരണ സേന ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് ജി ചീനാത്ത് , കാഞ്ഞങ്ങാട് സ്റ്റേഷന്‍ ഓഫീസര്‍ പി.വി പവിത്രന്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.

No comments