Breaking News

"മലയോരത്ത് ആദ്യം ബസ്റ്റാൻ്റ് നിർമ്മാണം പൂർത്തീകരിച്ച പഞ്ചായത്ത് ഈസ്റ്റ് എളേരി" ; ഡി ഡി എഫിൻ്റെ നേട്ടങ്ങൾ പറഞ്ഞും ലയനസമ്മേളനം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചും ജയിംസ് പന്തമ്മാക്കൻ്റെ ഫേസ്ബുക്ക് പോസ്റ്റ്


ചിറ്റാരിക്കാൽ: കോൺഗ്രസ് -ഡി ഡി എഫ് ലയനസമ്മേളനം 20ന് നടക്കാനിരിക്കെ ഈസ്റ്റ് എളേരി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ അസ്വാരസ്യങ്ങൾ നേതൃത്വത്തിന് തലവേദന ആയിരിക്കുകയാണ്. ഈസ്റ്റ് എളേരിയിലെ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജോർജ്കുട്ടി കരിമഠം, ശാന്തമ്മ ഫിലിപ്പ്, സെബാസ്റ്യൻ പതാലിൽ അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ലയനസമ്മേളനത്തിന് വിയോജിപ്പ് പ്രകടിപ്പിച്ച് പരസ്യമായി രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് 20ന് നടക്കുന്ന ലയന സമ്മേളനത്തിന് ജനകീയ പിന്തുണ അഭ്യർത്ഥിച്ച് ജയിംസ് പന്തമാക്കൽ ഫെസ് ബുക്കിൽ കുറിപ്പിട്ടത്.


ജയിംസ് പന്തമാക്കലിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം ഇങ്ങനെ:


''കഴിഞ്ഞ 10 വർഷം മുമ്പ്  ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ നിന്ന്  പാർട്ടിയിലെ ചില ആൾക്കാരുടെ കള്ള പരാതിയെ തുടർന്ന് മതിയായ അന്വേഷണം പോലും നടത്താതെ എന്നെ പാർട്ടിയിൽ നിന്നും അന്നത്തെ KPCC പ്രസിഡന്റ് വി.എം. സുധീരന്‍  കാസർഗോഡ് DCC പ്രസിഡന്റ്  സി.കെ. ശ്രീധരന്റെ  ഒത്താശയോടുകൂടിയാണ് എന്നെ പുറത്താക്കിയത്. കോൺഗ്രസ് പാർട്ടി  ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ പഴയ ഒരു KSU ക്കാരന്‍ എന്ന നിലയിൽ കാഞ്ഞങ്ങാട്ടെയും കാസർഗോടെയും ജില്ലയിലെ മുഴുവന്‍ കോൺഗ്രസ് നേതാക്കളുടെയും  പ്രവർത്തനം നന്നായി നിരീക്ഷിച്ച ഒരു വ്യക്തി എന്ന നിലയിൽ ആരൊക്കെയാണ് പാർട്ടിയെകൊണ്ട് നേട്ടവും പ്രശസ്തിയും ഉണ്ടാക്കിയതെന്ന്  നന്നായി പഠിച്ച ഒരാളാണ് ഞാന്‍. ഈ നേതാക്കളൊക്കെ സാധാരണ കോൺഗ്രസ് പ്രവർത്തവർക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്നും സ്വന്തം നേട്ടമായിരുന്നു അവരുടെ ലക്ഷ്യം. അതിലെ പ്രധാനിയായ സി.കെ. ശ്രീധരനെ പോലുള്ള ഒരാൾ പാർട്ടി വിടുമ്പോൾ സാധാരണക്കാരനായ ഒരു കോൺഗ്രസ് പ്രവർത്തകനുണ്ടാകുന്ന മനോവിഷമം, വേദന ഒക്കെ സി.കെ. മനസ്സിലാക്കേണ്ടതാണ്. ഈ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ഒരു ലാഭവുമില്ലാതെ പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് പ്രവർത്തകർക്ക് സ്ഥാനമാനങ്ങളോ സമ്പത്തോ പ്രശസ്തിയോ ഒന്നും ലഭിച്ചിട്ടില്ല എന്ന കാര്യം താങ്കൾ മനസ്സിലാക്കണം. ഈ പ്രത്യേക സാഹചര്യത്തിൽ  കാസർഗോഡ് ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് ആയിരക്കണക്കിന് പ്രവർത്തകരെയും ഒരു പഞ്ചായത്തും തിരിച്ച് ഏൽപിക്കുന്നതോടൊപ്പം സമീപ പഞ്ചായത്തുകളിലുണ്ടായ നഷ്ടം പരിഹരിക്കുന്നതിനും മലയോരത്തെ കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം സ്രിഷ്ടിക്കുന്നതിനും വേണ്ടി നവംബർ 20 ന്  3.30 മണിക്ക് ചിറ്റാരിക്കാൽ ടൌണിൽ വച്ച് ജനകീയ വികസന മുന്നണിയുടെ നാലായിരത്തോളം പ്രവർത്തകർ ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ KPCC പ്രസിഡന്റ്  കെ. സുധാകരന്‍ എം.പി. യുടെ സാന്നിദ്ധ്യത്തിൽ  ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ ലയിക്കുകയാണ്. 10 വർഷം മുമ്പ് എന്നെ  പുറത്താക്കുന്നതിനായി തന്ത്രപരമായ നീക്കം നടത്തിയ ചില ദുഷ്ട ശക്തികൾ ഈ പഞ്ചായത്തിനകത്ത് ഇപ്പോഴുമുണ്ട്. കഴിഞ്ഞ ദിവസം എനിക്കെതിരെ ഗവർണ്ണർക്ക്  ഒരു നേതാവിന്റെ ഭർത്താവ് പരാതി നൽകിയിരുന്നു. പരാതിയിൽ പറഞ്ഞിരിക്കുന്നത് പഞ്ചായത്ത് ബസ്സ് സ്റ്റാന്റിലെ യാർഡ് നിർമ്മാണത്തിന് പട്ടിക വർഗ്ഗ ഫണ്ട് ഉപയോഗിച്ചു എന്നാണ്. പഞ്ചായത്തിന്റെ മികച്ച പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ  മികച്ച പട്ടിക വർഗ്ഗ പഞ്ചായത്തായി ഈസ്റ്റ് എളേരി പഞ്ചായത്തിനെ തിരഞ്ഞെടുക്കുകയും 2 കോടി രൂപ അവാർഡ് തുകയായി ലഭിക്കുകയും അതിൽ 65 ലക്ഷം ബസ്റ്റ് സ്റ്റാന്റ് യാർഡ് നിമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ പേരിൽ എന്നെ ഒരു ചുക്കും ചെയ്യില്ലെന്ന് ആ നേതാവിനെ അറിയിക്കുകയാണ്. സമീപ പ്രദേശങ്ങളിലെ കയ്യൂർ, ചീമേനി, വെള്ളരിക്കുണ്ട്, പരപ്പ, നീലേശ്വരം എന്നിവിടങ്ങളിൽ മഹാരഥന്മാെരായ നേതാക്കന്മാകർ ഉണ്ടായിരുന്നിട്ടും നാളുതുവരെയായി ബസ് സ്റ്റാന്റ് നിർമ്മിക്കാന്‍ സാധിച്ചോ. ഇച്ഛാശക്തിയോടെ നാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്ന എനിക്കെതിര ചിലർ നടത്തുന്ന നീക്കത്തിനെതിരെയുള്ള ശക്തമായ  താക്കീതായിരിക്കണം 20 ന് നടക്കുന്ന സമ്മേളനം. നാളിതുവരെയായുള്ള പ്രവർത്തനത്തിന് എന്റെ അധ്വാനത്തിന്റെ ഫലമായുണ്ടായ സമ്പാദ്ധ്യമാണ് ഞാൻ ഉപയോഗിച്ചിട്ടുള്ളത്. പകരം ഈ നാട്ടിലെ ജനങ്ങൾ എനിക്ക് ഒരു ഒരു പാർട്ടിയിലും ചേരാതെ 10 വർഷം ഈ പഞ്ചായത്ത് ഭരിക്കുവാനുള്ള അധികാരമാണ് നൽകിയത്. നിങ്ങൾക്ക് ഒരു വാർഡിൽ സ്വന്തം നിലയിൽ സ്വന്തം ചിഹ്നത്തിൽ മത്സരിച്ച് വിജയിക്കുവാനാകുമോ എന്ന് പരിശോധിക്കണം. ഐതിഹാസികമായ ഈ പോരാട്ടത്തിൽ എന്നെ പിന്തുണച്ച ഓട്ടോ തൊഴിലാളികർക്കും , കർഷക തൊഴിലാളികൾ,  അദ്ധ്യാപകർ , തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, പട്ടികവർഗ്ഗ കോളനി നിവാസികൾ എന്നിവർക്കും ജനകീയവികസനമുന്നണിയുടെയും എന്റെയും നന്ദി പ്രകാശിപ്പിക്കുകയാണ്. തുടർന്നും നാടിന്റെ വികസനപ്രവർത്തനങ്ങൾക്കും നിങ്ങളുടെ പിന്തുണയുണ്ടാകണമെന്നും 20 ന് നടക്കുന്ന ലയനസമ്മേളനത്തിൽ മറ്റുള്ളവരുടെ പ്രേരണ ഇല്ലാതെ തന്നെ കൃത്യ സമയത്ത്  എത്തിച്ചേരണമെന്നും ലയന സമ്മേളനം പരാജയപ്പെടുത്താൻ  ശ്രമിക്കുന്നവർക്ക് ശക്തമായി  താക്കീത് നൽകണമെന്നും ഞാൻ അഭ്യർത്ഥിക്കുകയാണ്. ഈ പ്രതിസന്ധി കാലഘട്ടത്തിൽ എന്നെ സപ്പോർട്ട് ചെയ്ത സി.പി.ഐ.എം. , ബി.ജെ.പി. , കേരള കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ നേതാക്കൾക്കും ഞാന്‍ നന്ദി പറയുന്നു. എല്ലാവരുടെയും കൂട്ടായ പിന്തുണ കൊണ്ട്  ഈ നാടിന് ഒത്തിരി വികസന മുന്നേറ്റം ഉണ്ടാക്കാനായെന്ന കാര്യം വിസ്മരിക്കുന്നില്ല. തുടർന്നും ഈസ്റ്റ് എളേരി പഞ്ചായത്തിനെ സംസ്ഥാനത്തെ മികച്ച പഞ്ചായത്താക്കുന്നതിനായി നിങ്ങളുടെ എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുകയാണ്.  

 ഞാന്‍ പാർട്ടിയെ തള്ളിപറഞ്ഞ് പോയതല്ല എന്നെ പുറത്താക്കിയതാണ് എന്നിരുന്നതിനാലും ഞാന്‍ മറ്റൊരു പാർട്ടിയിലും പോയില്ല. ഇവിടത്തെ ജനങ്ങളെ കൂട്ടുപിടിച്ച് ദുഷ്ട ശക്തികൾക്കെതിരെ പോരാടി നിൽക്കുകയാണുണ്ടായത്. തോമാപുരത്തെ രണ്ടായി വിഭജിക്കുവാൻ ആരാണ് ശ്രമിച്ചത് എന്നും ഈ നാട്ടിൽ സംഘർഷവും അസമാധാനവും ഉണ്ടാക്കാൻ ശ്രമിച്ചവർ വി.എം. സുധീരനിലൂടെ എന്നെ പുറത്താക്കി  ഇടവകയിലെ ജനങ്ങളെ തെറ്റദ്ധരിപ്പിച്ച് ചിലരുടെ സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി കല്ലറക്കെതിരെ പരാതി കൊടുക്കുകയും അതിന്റെ പേരിലുണ്ടായ പ്രശ്നങ്ങൾക്ക് ഒക്കെ ചുക്കാൻ പിടിച്ചവർ ഇന്നലെ വരെ അകത്തായിരുന്നു. ഈ നാട്ടിൽ അശാന്തിയും സംഘർഷവും ഉണ്ടാക്കി എന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർ ഒന്നോർത്തോ മതതിന്റെ പേരുപറഞ്ഞ് രാഷ്ട്രീയ ലാഭത്തിനുവേണ്ടി എന്നെ ജനങ്ങളിൽ നിന്നും അകറ്റാൻ ശ്രമിച്ച നിങ്ങൾക്കുള്ള ചുട്ട മറുപടിയാണ്  രണ്ടാം വാർഡിലുള്ള എന്റെ വിജയം.  ഈ നാട്ടിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ പൂർണ്ണമായ ബഹുമതി എനിക്ക് ലഭിക്കാതിരിക്കുന്നതിനുവേണ്ടി ചിലർ നടത്തിയ  ആസൂത്രിത ശ്രമമാണ് ചിറ്റാരിക്കാലിലെ സംഭവ വികാസങ്ങൾ. എനിക്ക് നിലപാടുകളുള്ള വ്യക്തിയാണ് ആരുടെയും മുന്നിൽ അത് അടിയറവ് വയ്ക്കാത്തു കൊണ്ട് ഞാൻ ഒരു നിഷേധിയാണ് എന്ന് ചിലർക്ക് അഭിപ്രായമുണ്ട്. എന്നാൽ ഞാന്‍ ഒന്നും മനസ്സിൽ വയ്ക്കാത്ത തുറന്ന നിലപാടുകൾ സ്വീകരിക്കുന്നയാളാണ്. യുദ്ധത്തിന് വന്നാൽ തോറ്റ് കൊടുക്കുന്ന സ്വഭാവമില്ല. തുടർന്നും ഇതേ നിലപാട് തന്നെ ആയിരിക്കും.

 ഇന്ന് കാസർഗോഡ് DCC ഓഫീസിൽ വച്ച് ഈസ്റ്റ് എളേരിയിലെ  ഒരു നേതാവ് കാസർഗോഡ് അല്ല ലയന സമ്മേളനം നടക്കുന്നത് ഈസ്റ്റ് എളേരിയിലാണ് എന്നും കാണിച്ചുതരാം എന്നും വെല്ലുവിളിച്ചു കൊണ്ട് ഇറങ്ങിപ്പോന്നിട്ടുണ്ട്. കാസർഗോഡ് DCC  അഞ്ച് ജനറൽ സെക്രട്ടറിമാരെ ലയന സമ്മേളനം വിജയിപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. KPCC പ്രസിഡന്റ് കെ.സുധാകരന്‍ ,AICC ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ , കാസർഗോഡ് MP രാജ് മോഹന്‍ ഉണ്ണിത്താൻ , DCC പ്രസിഡന്റ് പി.കെ. ഫൈസൽ , മറ്റ് DCC ഭാരവാഹികൾ , യൂത്ത് കോൺഗ്രസ് നേതാക്കൾ , നാളിതുവരെ എന്റെ കൂടെ നിന്ന് പഞ്ചായത്ത് മെമ്പർമാർ , ജനകീയ വികസന മുന്നണി പ്രവർത്തകർ ഉൾപ്പടെ എല്ലാവർക്കും എന്റെ നന്ദി അറിയക്കുന്നതോടൊപ്പം  ഇരുപതാം തീയ്യതി നടക്കുന്ന ലയന സമ്മേളനത്തിലേക്ക് എവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. ഇന്നലെ വരെയുള്ള സാഹചര്യത്തിൽ ലയന സമ്മേഷനം നടക്കിലായെന്ന് ഒരു വിഭാഗം പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ഇന്ന് ഈ നിമിഷം മുതൽ ലയന സമ്മേളനം വിജയിപ്പിക്കുന്നതിന് എല്ലാ ജനകീയ വികസന മുന്നണി പ്രവർത്തകരും , കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മുന്നിട്ടിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു. 

 എന്ന് 

നിങ്ങളുടെ സ്വന്തം ജെയിംസ് പന്തമ്മാക്കൽ

No comments