Breaking News

താഴേക്ക് കുതിച്ച് റബ്ബർ വില നട്ടെല്ലൊടിഞ്ഞ് മലയോര കാർഷിക മേഖല തളരുന്ന വ്യാപാരമേഖലയെ പിടിച്ചുയർത്താൻ പാടുപെട്ട് വ്യാപാരികൾ


വെള്ളരിക്കുണ്ട് : ദിനംപ്രതി റബ്ബർ വില താഴേക്ക് കുതിക്കുമ്പോൾ നട്ടെല്ലൊടിഞ്ഞു മലയോര കാർഷിക മേഖല. റബ്ബറിന് പുറമെ മലയോരത്തെ മറ്റൊരു കാർഷിക വിളയായ  തേങ്ങയുടെ വിലക്കുറവും കർഷകന് ഇരുട്ടടിയായി. ഇന്നലെ കിലോക്ക് 145 രൂപ വിലയുണ്ടായിരുന്ന റബ്ബറിന്റെ വില ഇന്ന്  3 രൂപ കുറഞ്ഞു 142 രൂപയിൽ എത്തി.  തേങ്ങയുടെ വില കിലോക്ക് 30 രൂപ പോലും കിട്ടാത്ത അവസ്ഥയാണ്. തേങ്ങയുടെ വിലക്കുറവ് മൂലം മലയോരത്തെ മിക്ക തെങ്ങിൻ തോട്ടങ്ങളിലും ഉടമസ്ഥൻ ഉയർന്ന കൂലികൊടുത്തു തേങ്ങ പറിക്കാൻ നിൽക്കുന്നില്ല എന്നും അതുമൂലം തൊഴിൽ കുറവാണെന്നും  തെങ്ങുകയറ്റ തൊഴിലാളികൾ പറയുന്നു. അതുപോലെ തന്നെ മിക്ക റബ്ബർ കർഷകരും   റബ്ബർ വെട്ടികളഞ്ഞു മറ്റു കൃഷിയിലേക്ക് മാറാൻ തുടങ്ങിയിരിക്കുന്നു. ടാപ്പിംഗ് തൊഴിലാളികൾക്ക് കൂലിയും റബ്ബറിന് വേണ്ട വളത്തിന്റെയും മറ്റു ചിലവുകളും നോക്കുമ്പോൾ റബ്ബർ കൃഷി നഷ്ടമാണെന്ന് കർഷകർ പറയുന്നു. സ്വന്തം സ്ഥലത്ത് സ്വയം ടാപ്പിങ് നടത്തിയാൽ മാത്രമേ പണികൂലിയെങ്കിലും കിട്ടുകയുള്ളുവെന്ന് കർഷകർ പറയുന്നു. കാർഷിക വിളകളുടെ ഈ വിലതകർച്ച മലയോര കാർഷിക മേഖലകളായ ചിറ്റാരിക്കാൽ, ഭീമനടി, വെള്ളരിക്കുണ്ട്, പരപ്പ, മാലോം മുതലായ ടൗണുകളിലെ വ്യാപാരത്തെയും സാരമായി ബാധിച്ചുവെന്ന് വ്യാപാരികൾ പറയുന്നു. വ്യാപാരികൾക്ക് താങ്ങാൻ കഴിയാത്ത മുറി വാടകയും ഡെപ്പോസിറ്റുമാണ് ഈ മേഖലയിൽ നിന്ന് പിന്തിരിയാൻ ഒരു കാരണം. വിദേശ രാജ്യങ്ങളിലേക്ക് കുടുംബസമേതം ചേക്കേറുന്ന സാഹചര്യത്തിൽ കുടിയേറ്റ പ്രദേശത്തെ ടൗണുകൾ ആളില്ലാതെ ശോഷിച്ച നിലയിലാണ്. പരമാവധി ഉപഭോക്താക്കളെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആകർഷിക്കാനും വ്യാപാര രംഗത്ത് നിലവിലെ തളർച്ചയിൽ നിന്നും കരകയറ്റാനുമായി താലൂക്ക് ആസ്ഥാനവും മലയോര വാണിജ്യ സിരാകേന്ദ്രവുമായ വെള്ളരിക്കുണ്ടിൽ വ്യാപാര മഹോത്സവം നടത്തി ആകർഷകമായ സമ്മാനങ്ങളും നൽകി വരുന്നുണ്ട്. ബംപർ പ്രൈസുമായി മെഗാ നറുക്കെടുപ്പ് ജനുവരിയിൽ നടക്കും. വ്യാപാര മഹോത്സവത്തിന് മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്നതെന്ന് സംഘാടകരായ വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് ഭാരവാഹികൾ മലയോരം ഫ്ലാഷിനോട് പറഞ്ഞു.

No comments