നാടകവസന്തം തീർത്ത് മാലോത്തിൻ്റെ മണ്ണ് നാടകോത്സവം ആസ്വദിക്കാനെത്തുന്നത് ആയിരങ്ങൾ
മാലോം : മലയോരത്ത് ആദ്യമായി നാടക വസന്തം തീർത്ത് മാലോത്തിൻ്റെ മണ്ണ്. അരങ്ങിൽ അഭിനയപ്രതിഭകൾ നിറഞ്ഞാടുമ്പോൾ മനം നിറഞ്ഞ് ആസ്വാദകരും. നാടക സംസ്ക്കാരം തിരിച്ചു വരുന്നതിൻ്റെ നേർക്കാഴ്ച്ചയായി മാലോത്തെ നിറഞ്ഞ സദസ്.
മാലോം യുവശക്തി ക്ലബ്ബും, നാട്ടക്കല്‍ ഇ എം എസ് വായനശാലയും ചേർന്ന് മാലോത്ത് നടത്തി വരുന്ന അഖില കേരള നാടകോത്സവം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി പുരോഗമിക്കുകയാണ്.
മാലോത്ത് പ്രത്യേകം തയ്യാറാക്കിയ നാടക വേദിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും നിറഞ്ഞ സദസ്സ് ആയിരുന്നു. കേരളത്തിലെ മികച്ച പ്രൊഫഷണൽ നാടക സമിതികളുടെ നാടകങ്ങളാണ് അരങ്ങ് തകർക്കുന്നത്.
ആദ്യദിനം അരങ്ങേറിയ ചങ്ങനാശ്ശേരി അണിയറയുടെ "നാലുവരി പാത" അവതരണത്തിലെ പുതുമ കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. രണ്ടാം ദിനം നടന്ന തൃശൂർ സദ്ഗമയുടെ ഉപ്പ് എന്ന നാടകത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു.
മൂന്നാം ദിവസമായ ഇന്ന് നിരവധി പുരസ്കാരങ്ങൾ നേടിയ കായംകുളം സപര്യയുടെ 'ചെമ്പൻകുതിര' അരങ്ങിലെത്തും. വ്യാഴാഴ്ച കൊല്ലം കാളിദാസ കലാകേന്ദ്രയുടെ 'ചന്ദ്രികയ്ക്കുമുണ്ടൊരു കഥ', വെള്ളിയാഴ്ച കൊല്ലം ആവിഷ്ക്കാരയുടെ 'ദൈവംതൊട്ട ജീവിതം' എന്നീ നാടകങ്ങൾ അരങ്ങേറും.
നാടകോത്സവത്തിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. ആസ്വാദകർക്ക് ഇടവേളകളിൽ ചുക്ക് കാപ്പിയും സംഘാടകർ നൽകിവരുന്നുണ്ട്
റിപ്പോർട്ട്: ചന്ദ്രു വെള്ളരിക്കുണ്ട്
No comments