Breaking News

''ചോദ്യം ചെയ്യാൻ പ്രാപ്തിയുള്ളവരായി മാറണം കുട്ടികൾ.." ബളാൽ സ്ക്കൂളിലെ കുട്ടികളോടൊത്ത് പ്രിയതാരം സുരാജ് വെഞ്ഞാറമൂട്


വെള്ളരിക്കുണ്ട്: സിനിമാ ചിത്രീകരണത്തിൻ്റെ തിരക്കിനിടയിലും ബളാൽ സ്കൂളിലെ കുട്ടികളെ കാണാൻ പ്രിയതാരം സുരാജ് വെഞ്ഞാറമൂട് എത്തി. ബളാലിലും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പുരോഗമിക്കുന്ന സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന മദനോത്സവം എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരാജ് രണ്ട് മാസത്തോളമായി മലയോരത്തുണ്ട്. വെള്ളിത്തിരയിൽ മാത്രം കണ്ട് രസിച്ച പ്രിയ താരത്തെ നേരിട്ട് കണ്ടതിൻ്റെ ആകാംക്ഷയിലും ആഹ്ളാദത്തിലുമാണ് ബളാലിലെ കുട്ടികൾ. ബളാൽ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ, പാലച്ചാൽ സ്വയം സഹായ സംഘം എന്നിവരുടെ സ്നേഹക്ഷണം സ്വീകരിച്ചാണ് സുരാജ് വെഞ്ഞാറമൂട് സ്വീകരണ പരിപാടിക്ക് എത്തിയത്. സമൂഹത്തിൻ്റെ തിന്മയ്ക്ക് നേരെ ചോദ്യം ചെയ്യാൻ കെൽപ്പുള്ളവരായി മാറണം പുതിയ കുട്ടികൾ എന്ന് സുരാജ് പറഞ്ഞു. എന്തിനും ഏതിനും ഗൂഗിളിൽ തിരയുന്നതാണ് പുതുതലമുറയുടെ ശീലമെങ്കിലും ഗുരുമുഖത്തു നിന്ന് ലഭിക്കുന്ന അറിവിന് സ്നേഹവാത്സല്യത്തിൻ്റെ മാധുര്യമുണ്ടെന്ന് സുരാജ് പറഞ്ഞു. അനുകരണകലയിലൂടെ വളർന്ന സുരാജ് വെഞ്ഞാറമൂട് ചുരുങ്ങിയ കാലം കൊണ്ടാണ് തൻ്റെ സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ സിനിമയിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ചത്. നർമ്മത്തിൻ്റെ മർമ്മം അറിയുന്ന സുരാജ് ബളാലിലെ കുട്ടികൾക്ക് മുന്നിൽ മോഹൻലാലിനെ അനുകരിച്ച് കയ്യടി നേടി. സംസ്ഥാന - ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പടെ ഒട്ടേറെ ബഹുമതികൾ നേടിയ ഈ അഭിനയപ്രതിഭ താരജാഡകളില്ലാതെ ഷൂട്ടിംഗ് ഇടവേളകളിൽ ആളുകളോട് ചിരിച്ചും കുശലം പറഞ്ഞും ചുരുങ്ങിയ കാലം കൊണ്ട് ബളാൽ നാടിൻ്റെ പ്രിയപ്പെട്ടവനായി മാറുകയായിരുന്നു.

ഒട്ടേറെ പ്രദേശവാസികൾ അഭിനയിക്കുന്ന മദനോത്സവം മികച്ച ചിത്രമായിരിക്കുമെന്നും റിലീസാകുമ്പോൾ എല്ലാവരും തീയ്യറ്ററിലെത്തി സിനിമ കാണണമെന്നും സുരാജ് കുട്ടികളോടായി പറഞ്ഞു.

ചടങ്ങിൽ സ്ക്കൂൾ പ്രിൻസിപ്പൽ എം.പ്രമോദ് കുമാർ , എച്ച്.എം ബിജു ജോസ്, വാസന്തകുമാർ, ജേക്കബ്ബ് ഇടശേരി, സി.ദാമോദരൻ, പി.കെ രാമചന്ദ്രൻ, സി.രാമകൃഷ്ണൻ, ബഷീർ എൽ.കെ, രാധാകൃഷ്ണൻ കാര, നാടക-ചലചിത്ര നടൻ രാജേഷ് അഴീക്കോടൻ തുടങ്ങിയവർ സംബന്ധിച്ചു.

റിപ്പോർട്ട്: ചന്ദ്രുവെള്ളരിക്കുണ്ട്

ചിത്രങ്ങൾ: ഹരികൃഷ്ണൻ












No comments