ഇതിഹാസമേ വിട; ഫുട്‌ബോളിനായി ജനിച്ച പെലെ
കാല്‍പ്പന്തിന്റെ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ എഴുതപ്പെട്ട പേരാണ് പെലെ. സുന്ദരമായ കളിയിലൂടെ സിംഫണികള്‍ രചിച്ച കാല്‍പ്പന്തിന്റെ കളി കാണാന്‍ യുദ്ധങ്ങള്‍ പോലും നിര്‍ത്തിവെച്ചിട്ടുണ്ട്. 1969 ല്‍ നൈജീരിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ യുദ്ധം രക്തരൂക്ഷിതമായിരുന്ന കാലത്ത് ലാഗോസില്‍ പെലയെുടെ സാന്തോസ് ക്ലബ് ടീം പങ്കെടുത്ത പ്രദര്‍ശന മത്സരം നടന്നു. 48 മണിക്കൂര്‍ യുദ്ധം നിര്‍ത്തിവയ്ക്കാന്‍ പരസ്പരം കലഹിച്ച ഇരുകൂട്ടരും തീരുമാനിച്ചു. അതിനുശേഷം പുനരാരംഭിച്ച യുദ്ധം തീരാന്‍ പിന്നെയും ഒരു വര്‍ഷമെടുത്തു. അതായിരുന്നു അന്ന് ആ മാന്ത്രികന്റെ മാസ്മരിക സ്പര്‍ശം.
അവഗണനയില്‍ നിന്ന് ദേശീയ ഹീറോയായി മാറിയ കഥയാണ് പെലെയുടേത്. കറുപ്പിനെ അകറ്റി നിര്‍ത്തിയ ലോകം പെലെയെ കറുത്ത മുത്തെന്ന് വാഴ്ത്തി. തെരുവില്‍ പന്ത് തട്ടിനടന്ന ബാലന്‍ പതിനഞ്ചാം വയസില്‍ സാന്റോസില്‍ എത്തുന്നതോടെയാണ് കാല്‍പ്പന്ത് കളിയുടെ തലവര മാറുന്നത്. പന്തിന് മേലുള്ള മാന്ത്രികത, വേഗത, കൃത്യത, സഹതാരങ്ങള്‍ എങ്ങനെ ചലിക്കുമെന്ന് അളക്കാനുള്ള കഴിവ്. പെലെയെന്ന ഒറ്റപ്പേരില്‍ സാന്റോസ് ക്ലബ് ലോകം ചുറ്റി. പതിനേഴാം വയസ്സില്‍ അര്‍ജന്റീനയ്‌ക്കെതിരെ ഗോളടിച്ചായിരുന്നു ഇതിഹാസത്തിന്റെ് അന്താരാഷ്ട്ര അരങ്ങേറ്റം.
958 ല്‍ ലോകകപ്പ് കളിക്കുന്നതിനായി പെലെ സ്വീഡനിലെത്തുമ്പോള്‍ പ്രായം 18 തികഞ്ഞിരുന്നില്ല. ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന വിശേഷണവും. അന്ന് കിരീടം നേടിയതിന് പിന്നാലെ പെലെയെ ദേശീയ നിധിയായി ബ്രസീല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. യൂറോപ്പുകാര്‍ റാഞ്ചാതിരിയ്ക്കാനുള്ള പ്രതിരോധം കൂടിയായിരുന്നു അത്. 1962 ല്‍ ഒറ്റ മത്സരം മാത്രമാണ് അദ്ദേഹത്തിന് കളിക്കാനായാത്. എന്നാല്‍ അത്തവണയും കിരീടം കാനറികള്‍ സ്വന്തമാക്കി. 66ല്‍ പെലെയ്ക്കും സംഘത്തിനും ആദ്യ റൗണ്ടില്‍ തന്നെ മടങ്ങേണ്ടി വന്നു. ആ ക്ഷീണം അടുത്ത ലോകകപ്പ് നേടിയാണ് പെലെ തീര്‍ത്തത്.
'ഞാന്‍ ഫുട്‌ബോളിനായി ജനിച്ചവനാണ്. ബിഥോവന്‍ സംഗീതത്തിന് വേണ്ടി ജനിച്ചത് പോലെ' എന്ന് അദ്ദേഹം പറയുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരനെ തേടി ഫിഫ ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ ഇന്റര്‍നെറ്റിലൂടെ സര്‍വേ നടത്തിയപ്പോള്‍ കൂടുതല്‍ വോട്ടുനേടിയത് അര്‍ജന്റീനിയന്‍ ഇതിഹാസം ഡീഗോ മറഡോണയായിരുന്നു. എന്നാല്‍ അതേസമയം ഫിഫ ഏര്‍പ്പെടുത്തിയ വിദഗ്ധരുടെ പാനല്‍ തെരഞ്ഞെടുത്തത് പെലെയെയും. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി ദേശീയ ദേശീയ ഒളിമ്പിക് കമ്മിറ്റികള്‍ക്കിയടില്‍ നടത്തിയ അഭിപ്രായ സര്‍വേയിലും വിജയം പെലെയ്ക്കായിരുന്നു. പുതിയ തലമുറ പെലെയുടെ ഫുട്‌ബോള്‍ മികവിനെ കുറിച്ച് കേട്ടറിവേയുള്ളൂ കണ്ടറിവില്ലെന്ന് സാരം.
ബ്രസീലിനായി 92 മത്സരങ്ങള്‍ കളിച്ച പെലെ 77 ഗോളുകളാണ് നേടിയിട്ടുള്ളത്. 1971 ല്‍ യൂഗോസ്ലാവിയക്കെതിരായ മത്സരത്തോടെയാണ് പെലെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ബൂട്ടഴിച്ചത്. ഹൃദയം കൊണ്ടാണ് നീണ്ട 22 വര്‍ഷം അദ്ദേഹം പന്തു തട്ടിയത്. ഫുട്‌ബോള്‍ കളിക്കാനായി ഭൂമിയില്‍ ജന്മമെടുത്തവന്‍ എന്ന വിശേഷണം തന്നെയാണ് ഈ മനുഷ്യന് നന്നായി ചാര്‍ത്താനാവുക.കാലമെത്ര കടന്നുപോയാലും ആരെല്ലാം വന്നാലും ആരാണ് മികച്ച താരം എന്നതില്‍ സംശയമുണ്ടാവില്ല. പെലെ എന്ന രണ്ടക്ഷരത്തിലെ കാല്‍പ്പന്തിലെ അനശ്വര മേധാവി തന്നെ.2021 സെപ്റ്റംബറിലാണ് പെലെയ്ക്ക് അര്‍ബുദം സ്ഥിരീകരിച്ചത്. വന്‍കുടലിലെ മുഴ നീക്കം ചെയ്തതിനെ തുടര്‍ന്ന് പെലെ ദീര്‍ഘകാലം ആശുപത്രിയില്‍ തുടര്‍ന്നിരുന്നു. അതിന് ശേഷം കീമോതെറാപ്പിയ്ക്കും വിധേയനായി. ഡിസംബര്‍ 21 ന് പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാന്‍സറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന ഗുരുതരാവസ്ഥയിലായിരുന്നു. അര്‍ബുദത്തിന് പുറമേ ഹൃദയ, വൃക്ക സംബന്ധമായ പ്രശ്‌നങ്ങലും താരം നേരിട്ടിരുന്നു. പെലെയുടെ മകള്‍ കെലി നാസിമെന്റോയാണ് പിതാവിന്റെ മരണം ഇന്‍സ്റ്റഗ്രാമിലൂടെ സ്ഥിരീകരിച്ചത്.
No comments