Breaking News

സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ്: രേഖകളും ഫോണുകളും പിടിച്ചെടുത്തു


തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടത്തി എൻ.ഐ.എ സംസ്ഥാന വ്യാപകമായി 56 സ്ഥലങ്ങളിലാണ് റെയ്ഡ്. പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ച റെയ്ഡ് ഇതിനോടകം പലയിടത്തും പൂർത്തിയായി. നിരവധി രേഖകളും മൊബൈൽ ഫോണുകൾ അടക്കമുള്ള ഇലക്ട്രോണിക് ഡിവൈസുകളും പിടിച്ചെടുത്തു എന്നാണ് വിവരം. 

പോപ്പുലർ ഫ്രണ്ടിൻ്റെ രണ്ടാം നിര നേതാക്കൾ, പ്രവർത്തകർക്ക് പരിശീലനം നൽകിയവർ എന്നിവരുടെയെല്ലാം വീടുകളിലാണ് പരിശോധന. ഇവരിൽ പലരും പിഎഫ്ഐ നിരോധനം മുതൽ തന്നെ എൻഐഎ നിരീക്ഷണത്തിലായിരുന്നുവെന്നാണ് സൂചന. ദില്ലിയിൽ നിന്നടക്കമുള്ള എൻഐഎ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടപടികൾ. കേരള പൊലീസും റെയ്ഡുമായി സഹകരിക്കുന്നുണ്ട്. എവിടെയും പ്രതിഷേധവും പ്രതിരോധമോ ഇല്ലാതെയാണ് റെയ്ഡ് പുരോഗമിച്ചത്. എറണാകുളം റൂറലിൽ 12 ഇടത്താണ് റെയ്ഡ് നടന്നത്. 

  • തിരുവനന്തപുരം ജില്ലയിൽ മൂന്നു സ്ഥലങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. തോന്നയ്ക്കൽ, നെടുമങ്ങാട്, പള്ളിക്കൽ. എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുകയാണ്. പി.എഫ്.ഐ മുൻ തിരുവനന്തപുരം സോണൽ പ്രസിഡൻ്റ് നവാസ് തോന്നയ്ക്കൽ, മുൻ സംസ്ഥാന കമ്മിറ്റി അം​ഗം സുൽഫി വിതുര, പിഎഫ്ഐ പ്രവർത്തകൻ പള്ളിക്കൽ ഫസൽ എന്നിവരുടെ വീടുകളിലാണ് റെയ്ഡ്. തിരുവനന്തപുരത്ത് എൻ.ഐ.എ ഡിവൈഎസ്പി ആർ.കെ.പാണ്ടെയുടെ നേതൃത്വത്തിലാണ് പരിശോധന.
  • കൊല്ലം ജില്ലയിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടന്നു. കരുനാഗപ്പള്ളി, ചക്കുവള്ളി എന്നിവിടങ്ങളിലാണ് എൻ.ഐ.എ സംഘം പരിശോധന നടത്തുന്നത്. ചക്കുവള്ളിയിൽ സിദ്ദീഖ് റാവുത്തർ എന്നയാളുടെ വീട്ടലാണ് പരിശോധന. സിദ്ദീഖ് റാവുത്തറിന്റെ വീട്ടിൽ നിന്നും മൂന്ന് മൊബൈൽ ഫോണുകളും രണ്ടു ബുക്ക് ലെറ്റുകളും എൻ.ഐ.എ സംഘം പിടിച്ചെടുത്തു. പുലർച്ചെ മൂന്ന് മണിക്ക് തുടങ്ങിയ റെയ്ഡ് ഏഴ് മണിയോടെ അവസാനിച്ചു. 
  • പത്തനംതിട്ടയിൽ പി.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ്‌ റാഷിദിന്റെ വീട്ടിൽ പരിശോധന നടക്കുന്നു. സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്ന നിസാറിന്റെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി. പത്തനംതിട്ടയിൽ റെയ്ഡ് നടക്കുന്ന വീടുകളിൽ നേതാക്കളില്ലെന്നാണ് വിവരം. പത്തനംതിട്ട അടൂർ പഴകുളത്തും എൻഐഎ പരിശോധന നടക്കുകയാണ്. പി.എഫ്.ഐ നേതാവ് സജീവിൻ്റെ വീട്ടിലാണ് പരിശോധന. 
  • ആലപ്പുഴയിൽ അഞ്ച് ഇടത്ത് എൻഐഎ റെയ്ഡ് നടത്തി. അരൂർ, എടത്വ, പുന്നപ്ര ,വീയപുരം, കായംകുളം എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.  പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മുൻ ജില്ലാ പ്രസിഡൻറ് നവാസ് വണ്ടാനം, സംസ്ഥാന സമിതി അംഗം കളരിക്കൽ സിറാജ്, സംസ്ഥാന കമ്മിറ്റി അംഗം  മങ്കോട്ടച്ചിറ മുജീബ്, മുൻ ജനറൽ സെക്രട്ടറി യാക്കൂബ് നജീബ് എന്നിവരുടെ  വീടുകളിലായിരുന്നു റെയ്ഡ്. നിരവധി രേഖകൾ റെയ്ഡിൽ കണ്ടെടുത്തു.
  • കോട്ടയം കാഞ്ഞിരപ്പള്ളിയിലും എൻ.ഐ.എ റെയ്ഡ് നടക്കുകയാണ്. നിരോധിത സംഘടനയായ പി.എഫ്.ഐ യുടെ നേതാവായിരുന്ന സുനീർ മൗലവിയുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ വീട്ടിലാണ് പരിശോധന നടക്കുന്നത്. കേരളാ പൊലീസിൻ്റെ സാന്നിധ്യത്തിലാണ് എൻഐഎ റെയ്ഡ് നടക്കുന്നത്. ഈരാറ്റുപേട്ടയിലും എൻഐഎയുടെ പരിശോധന നടക്കുകയാണ്. 
  • മൂവാറ്റുപുഴയിൽ പി.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി എം.കെ അഷ്റഫിന്റെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പുലർച്ചെ  രണ്ടു മണിയോടെയാണ് ഇവിടെ പരിശോധന തുടങ്ങിയത്. ആലുവയിൽ ഏഴ് കേന്ദ്രങ്ങളിലാണ് പരിശോധന. ചിലയിടങ്ങളിൽ റെയ്ഡ് അവസാനിച്ചു, നേരത്തെ അടച്ചു പൂട്ടിയ പോപ്പുലർ ഫ്രണ്ടിൻ്റെ ചില ഓഫീസുകളും എൻഐഎ സംഘം തുറന്നുപരിശോധിച്ചു. 
  • തൃശ്ശൂരിൽ കുന്നംകുളം കേച്ചേരിയിൽ എൻഐഎ റെയ്ഡ്‌ നടത്തി. കേച്ചേരി തൂവാനൂരിലെ പിഎഫ്‌ഐ നേതാവ്‌ ഹുസയറിന്റെ വീട്ടിൽ പുലർച്ചെ മൂന്ന് മണിക്ക്‌ ആണ് എൻഐഎ റെയ്ഡ്‌ നടത്തിയത്‌. നാല്‌ മണിക്കൂർ നീണ്ട്‌ നിന്ന എൻഐഎ റെയ്ഡ്‌ കാലത്ത്‌ ഏഴ് മണിക്കാണ്‌ അവസാനിച്ചത്‌. തൂവാനൂർ കറുപ്പംവീട്ടിൽ കുഞ്ഞുമരക്കാറുടെ മകൻ 48 വയസ്സുള്ള ഉസൈർ നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ  സോണൽ പ്രസിഡന്റായിരുന്നു. എൻ ഐ യുടെ അഞ്ചംഗ സംഘമാണ്‌ റെയ്ഡ്‌ നടത്തിയത്‌. 
  • റെയ്ഡിനെ തുടർന്ന് ബാങ്ക്‌ പാസ്സ് ബുക്കുകൾ അടക്കമുള്ള ചില രേഖകൾ എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്‌ എന്നാണ്‌ സൂചന. പെരുമ്പിലാവ്‌ കേച്ചേരി എന്നിവിടങ്ങളിൽ എൻ ഐ എ മുൻപ്‌ നടത്തിയ റെയ്ഡുകളിൽ പി എഫ്‌ ഐ നേതാക്കളെ അറസ്റ്റ്‌ ചെയ്തിരുന്നു. ഇന്നത്തെ റെയ്ഡിൽ അറസ്റ്റ്‌ നടന്നിട്ടില്ല എന്നാണ്‌ പ്രാഥമിക വിവരം. ചാവക്കാട്ടെ അബ്ദുൾ ലത്തീഫിൻ്റെ വീട്ടിലെ റെയ്ഡും രാവിലെ ഏഴ് മണിയോടെ സമാപിച്ചു. 
  • മലപ്പുറത്ത് ഏഴിടങ്ങളിൽ ആണ് എൻഐഎ റെയ്ഡ് നടത്തിയത്. പി.എഫ്.ഐ ദേശീയ ചെയർമാനായിരുന്ന ഒ.എം.എ സലാമിന്റെ സഹോദരൻ ഒ.എം.എ ജബ്ബാറിന്റെ മഞ്ചേരി പട്ടർകുളത്തെ വീട്ടിലും പിഎഫ്ഐ ദേശീയ ട്രെയ്നെർ ആയിരുന്ന ഇബ്രാഹിമിന്റെ പുത്തനത്താണിയിലെ വീട്ടിലും, മുൻ സംസ്ഥാന ചെയർമാനായിരുന്ന പി അബ്ദുൽ ഹമീദിന്റെ കോട്ടക്കൽ ഇന്ത്യനൂരിലെ വസതിയിലും കോട്ടക്കൽ ചെറുകാവ്‌ സ്വദേശി റഫീഖിന്റെ വീട്ടിലും എൻഐഎ സംഘം റെയ്ഡ് നടത്തി.  കൊണ്ടോട്ടിയിലെ മുജീബ് റഹ്‌മാന്റെ വീട്ടിലും എൻഐഎ പരിശോധന നടത്തി. ഇയാൾ നേരത്തെ പൈപ്പ് ബോംബ് കണ്ടെത്തിയ കേസിൽ പ്രതിയാണ്. വളാഞ്ചേരി സ്വദേശി അഹമദിന്റെ വീട്ടിലും, കാട്ടിപ്പരുത്തിയിലെ മൊയ്‌ദീൻ കുട്ടിയുടെ വീട്ടിലും പരിശോധന നടന്നു. മണ്ണാർക്കാട് കോട്ടോപ്പാടത്തും എൻഐഎ പരിശോധന നടക്കുകയാണ്. നാസർ മൗലവി എന്ന വ്യക്തിയുടെ വീട്ടിലാണ് റെയ്ഡ്. മലപ്പുറം സോണൽ പ്രസിഡന്റ്‌ ആയിരുന്നു നാസർ മൗലവി. ഇദ്ദേഹം നാട്ടിലിലെന്നും വിദേശത്താണെന്നുമാണ് വിവരം. 
  • കോഴിക്കോട് ജില്ലയിൽ രണ്ടിടത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. മാവൂരിലും നാദാപുരത്തുമാണ് റെയ്ഡ് നടന്നത്. നാദാപുരത്തെ പി.എഫ്.ഐ പ്രവർത്തകൻ നൗഷാദിന്റെ വീട്ടിൽ എൻഐഎ സംഘം പരിശോധന നടത്തി. കോഴിക്കോട് പാലേരിയിലും എൻഐഎ പരിശോധന നടത്തി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കെ.സാദത്ത് മാസ്റ്ററുടെ വീട്ടിലാണ് പരിശോധന നടക്കുന്നത്.  മേപ്പയൂരിലെ അബ്ദുൾ റഷീദ് എന്നയാളുടെ വീട്ടിലും റെയ്ഡ് നടന്നു.
  • വയനാട്ടിലും  പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടക്കുകയാണ്. മാനന്തവാടി താഴെയങ്ങാടി, തരുവണ, പീച്ചങ്കോട്, കമ്പളക്കാട്, തുടങ്ങിയ പ്രദേശങ്ങളിലാണ് ദേശീയ സുരക്ഷാ ഏജൻസി റെയ്ഡ് നടത്തുന്നത്. നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആണ് റെയ്ഡ്
  • കണ്ണൂർ സിറ്റിയിലുള്ള പോപ്പുലർ ഫ്രണ്ട് നേതാവ് മുസാഫിർ പൂവളപ്പിലിൻ്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. പുലർച്ചെ മൂന്ന് മണിയോടെയാണ് റെയ്ഡ് തുടങ്ങിയത്.  മട്ടന്നൂർ, വളപട്ടണം, കിഴുത്തള്ളി , കക്കാട്, ന്യൂ മാഹി, കണ്ണൂർ സിറ്റി, അടക്കം ജില്ലയിലെ 9 ഇടങ്ങളിലാണ് പരിശോധന

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് തുടർച്ചയായാണ് ഈ റെയ്ഡ് എന്നാണ് എൻഐഎ വൃത്തങ്ങൾ നൽകുന്ന സൂചന. പലയിടത്തും ഇതിനോടകം റെയ്ഡ് പൂർത്തിയാക്കി എൻഐഎ ഉദ്യോഗസ്ഥരും പൊലീസും മടങ്ങി. ഈ വർഷം സെപ്തംബറിൽ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയേയും അനുബന്ധ സംഘടനകളെയേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, എൻസിഎച്ച്ആർഒ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ , റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ സംഘടനകളെയാണ് കേന്ദ്രം നിരോധിച്ചത്. സെപ്തംബറിൽ നടന്ന കേന്ദ്രസേനകളുടെ സഹായത്തോടെയും കേരള പൊലീസിനെ പൂർണമായി ഒഴിവാക്കിയുമായിരുന്നു. എന്നാൽ ഇക്കുറി കേരള പൊലീസാണ് റെയ്ഡ് നടപടികൾക്ക് വേണ്ട സുരക്ഷയൊരുക്കിയത്. 

No comments