Breaking News

അങ്കണവാടി കുട്ടികൾക്ക് പോഷകാഹാര വിതരണം മുടങ്ങി, പ്രതിഷേധവുമായി അരി എത്തിച്ചു നൽകി യു ഡി എഫ്

 


കുന്നുംകൈ: മലയോരത്തെ അങ്കണവാടി കുട്ടികൾക്കുള്ള പോഷകാഹാര വിതരണം മുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും അധികൃതർ  തിരിഞ്ഞു നോക്കാത്തതിൽ പ്രതിഷേധിച്ചു വെസ്റ്റ് എളേരി പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി  അങ്കണവാടിയിൽ അരി എത്തിച്ചു നൽകി. വെസ്റ്റ് എളേരിയിലെ ഭീമനടി അങ്കണവാടിയിലാണ് നേതാക്കൾ അരി എത്തിച്ചുനൽകിയത്. അങ്കണവാടിയിൽ കുട്ടികൾക്കു നൽകാറുള്ള ഉച്ചഭക്ഷണത്തിനു വേണ്ടിയുള്ള അരിയാണ് രണ്ടു മാസമായി വിതരണം നിലച്ചത് . ഇത് കാരണം പല അങ്കണവാടി  ടീച്ചർമാരും അരി കണ്ടത്താനുള്ള നെട്ടോട്ടത്തിലാണ്. വിതരണം നിലച്ച ദിവസങ്ങളിൽ ടീച്ചർമാരുടെയും ഹെൽപ്പർമാരുടെയും വീടുകളിൽ നിന്നും തികയാത്തത് രക്ഷിതാക്കളുടെ വീടുകളിൽ നിന്നുമാണ് അരി എത്തിച്ചു കുട്ടികൾക്ക് വിതരണം ചെയ്യുന്നത്. മലയോരത്തെ എല്ലാ അങ്കണവാടിയിലും ഇതാണ് സ്ഥിതി. ഒരു വർഷം നാലുതവണയാണ് അരി സ്റ്റോക്ക് എടുക്കുമെങ്കിലും ഇപ്പോൾ ജൂൺ മാസം വരെയാണ് അനുവദിച്ചിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.   പാൽ, മുട്ട, പഴം എന്നിവ വാങ്ങിയതിന്റെ തുക ജൂൺ മുതൽ ലഭിക്കാനുണ്ടെന്നു അങ്കണവാടി ടീച്ചർമാർ പറയുന്നു.  കുട്ടിയ്ക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാൽ വീതം ആഴ്ചയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലും, ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയും എന്നിങ്ങനെയാണ് കൊടുത്തിരുന്നത്. ഇവ വർക്കർമാർ നേരിട്ടു കടകളിൽ നിന്നു വാങ്ങി മാസത്തിലൊരിക്കൽ അധികൃതർക്ക്  ബിൽ സമർപ്പിച്ച് മാസങ്ങളോളമായി തുക കിട്ടിയിട്ടില്ലെന്നും അങ്കണവാടി വർക്കർമാർ പറയുന്നു. ഇത് കാരണം  അങ്കണവാടി കുട്ടികളിൽ പോഷകാഹാരക്കുറവ് ഉള്ളതായി  കണ്ടെത്തിയിട്ടുണ്ട്. അങ്കണവാടികളിൽ എത്രയും വേഗം പോഷകാഹാര വിതരണം നടത്തണമെന്നു വെസ്റ്റ് എളേരി പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. ചെയർമാൻ എം അബൂബക്കർ അധ്യക്ഷനായി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് വി കെ രാജൻ നായർ, പഞ്ചായത്തു മുസ്ലിം ലീഗ് പ്രസിഡന്റ് ജാതിയിൽ അസൈനാർ സെക്രട്ടറി എ ദുൽകിഫിലി, പി കെ അബൂബക്കർ, മാത്യു വർക്കി, എൻ ശരീഫ്, പി ടി ജോസഫ് , എൻ പി അബ്ദുൽ റഹ്‌മാൻ,പി  ശ്രീനിവാസൻ എന്നിവർ സംബന്ധിച്ചു. 

No comments