വീട്ടിൽ നിന്നും കർണ്ണാടക മദ്യവുമായി ഗൃഹനാഥൻ രാജപുരം പോലീസിന്റെ പിടിയിൽ
രാജപുരം: വീട്ടിൽ നിന്നും കർണ്ണാടക നിർമ്മിത ടെട്രോ പാക്കറ്റ് മദ്യവുമായി ഗൃഹനാഥനെ രാജപുരം പോലീസ് അറസ്റ്റുചെയ്തു. പനത്തടി കൊളപ്പുറത്തെ എം.ജെ.ആന്റണി(51)യെയാണ് രാജപുരം പോലീസ് ഇൻസ്പെക്ടർ കെ.കൃഷ്ണനും സംഘവും അറസ്റ്റുചെയ്തത്. ഇയാളിൽ നിന്നും 50 പാക്കറ്റ് മദ്യവും പിടികൂടി.
ഇന്നലെ വൈകീട്ട് 6.10 ഓടെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സി.ഐ കൃഷ്ണനും സംഘവും ഇയാളുടെ വീട് വളയുകയായിരുന്നു. പോലീസ് വരുന്നത് കണ്ട് മദ്യം സൂക്ഷിച്ച ബാഗുമായി വീടിന്റെ പിൻഭാഗത്തുകൂടി ഓടിരക്ഷപ്പെടാൻ ശ്രമിച്ച ആന്റണിയെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ബിഗ്ഷോപ്പർ ബാഗിൽ നിന്നുമാണ് കർണ്ണാടകയിൽ മാത്രം വിൽപ്പന നടത്താൻ ബ്രാണ്ടികൾ പിടികൂടിയത്. ഒറിജിനൽ ചോയ്സ്, ഡീലക്സ് വിഎസ്പി ബ്രാണ്ടി എന്നീ ബ്രാണ്ടി കളാണ് പിടിച്ചെടുത്തത്.
ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ആന്റണിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കർണ്ണാടകത്തിൽ നിന്നും വൻതോതിൽ വിദേശമദ്യം കടത്തിക്കൊണ്ടുവന്ന് വീട് കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ മദ്യവുമായി പിടിയിലായത്.
No comments