Breaking News

നാളെ മുതൽ കർശന പരിശോധന; ഹെൽത്ത് കാർഡില്ലെങ്കിൽ പൂട്ട് വീഴും



തിരുവനന്തപുരം: ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ ഉള്‍പ്പെടെ ഭക്ഷ്യസാധനങ്ങള്‍ തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെ മുതല്‍ വ്യാപക പരിശോധനയുണ്ടാകും. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തപക്ഷം കടകള്‍ പൂട്ടേണ്ടി വരും. പിന്നീട് കാര്‍ഡ് എടുത്തെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ കട തുറക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ. ഇതിന് ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ അനുമതി വേണം.

അടപ്പിച്ച സ്ഥാപനങ്ങള്‍ തുറന്നുകൊടുക്കുമ്പോള്‍ മറ്റ് ന്യൂനതകള്‍ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാര്‍ എല്ലാവരും രണ്ട് ആഴ്ചയ്ക്കകം ഭക്ഷ്യ സുരക്ഷാ പരീശീലനം നേടുമെന്നും തുറന്ന ശേഷം ഒരു മാസത്തിനകം ഹൈജീന്‍ റേറ്റിംഗിനായി രജിസ്റ്റര്‍ ചെയ്യുമെന്നുമുള്ള സത്യപ്രസ്താവന ഹാജരാക്കേണ്ടി വരും. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഹൈജീന്‍ റേറ്റിംഗ് എടുക്കേണ്ടതാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ഭക്ഷണം കൈകാര്യം ചെയ്യുന്നവരിലൂടെ അപകടകാരികളായ വൈറസുകള്‍, ബാക്ടീരിയകള്‍ അടക്കമുള്ള സൂക്ഷ്മ ജീവികള്‍ പകര്‍ന്ന് രോഗമുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ ജീവനക്കാര്‍ക്ക് പകര്‍ച്ചവ്യാധികള്‍, മുറിവ്, മറ്റ് രോഗങ്ങള്‍ തുടങ്ങിയവ ഇല്ലാത്തവരാണെന്ന് ഉറപ്പാക്കുന്നതിനാണ് മെഡിക്കല്‍ പരിശോധന നടത്തുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കെതിരേയും കൈവശം വയ്ക്കുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


No comments