Breaking News

പുലിപ്പേടിയിൽ പൂടങ്കല്ല് മണിക്കല്ല്‌, 
ക്യാമറ സ്ഥാപിക്കും പൂടംകല്ല് –-ബളാൽ റൂട്ടിൽ കാറിൽ പോവുകയായിരുന്ന ചിറ്റാരിക്കാൽ സ്വദേശിയാണ് പുലിയെ കണ്ടത്


രാജപുരം : കള്ളാർ പഞ്ചായത്തിലെ പൂടംകല്ല് മണിക്കല്ലിൽ പുലിയിറങ്ങിയെന്ന സംശയത്തെത്തുടർന്ന്‌ വനംവകുപ്പ് നിരീക്ഷണം വ്യാപകമാക്കി. കഴിഞ്ഞദിവസം വൈകിട്ട് പൂടംകല്ല് –-ബളാൽ റൂട്ടിൽ കാറിൽ പോവുകയായിരുന്ന ചിറ്റാരിക്കാലിലെ വർഗീസാണ്‌ പുലിയെ കണ്ടതായി അറിയിച്ചത്.
മണിക്കല്ല് തോടിന്റെ ഭാഗത്തുനിന്നും കയറിവന്ന പുലി റോഡിന് കുറുകെ നടന്ന് പൊന്തക്കാട്ടിലേക്ക് കയറിപ്പോവുകയായിരുന്നുവെന്ന്‌ ഇയാൾ പറഞ്ഞു. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി ശേസപ്പ, ബിറ്റ് ഓഫീസർ ആർ കെ രാഹുൽ, എ കെ ശിഹാബുദ്ദീൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. ഇതെത്തുടർന്ന്‌ പ്രദേശത്ത്‌ നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ വനം വകുപ്പ് തിരുമാനിച്ചു.
ഓണി, അയ്യങ്കാവ്, മണിക്കല്ല് മേഖലയിൽ മുമ്പുതന്നെ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതാണെന്ന് നാട്ടുകാർ പറയുന്നു. രണ്ടുവർഷംമുമ്പ് ഓണിമലയിൽ പന്നിയെ പിടികൂടാൻ സ്ഥാപിച്ച കെണിയിൽ പുലിവീണപ്പോൾ വനം വകുപ്പുദ്യോഗസ്ഥരെത്തി പിടികൂടി.
പിന്നീട് പുലി ചത്തുപോയി. രണ്ടു പുലിയുടെ തലയോട്ടിയും പിന്നീട്‌ ഇതേസ്ഥലത്തുനിന്ന്‌ വനംവകുപ്പ് കണ്ടെടുത്തിരുന്നു. നാട്ടുകാരുടെ നിരവധി വളർത്തുമൃഗങ്ങളെയും പലപ്പോഴായി കാണാതായിരുന്നു.

No comments