ഭക്ഷ്യസുരക്ഷ പ്രൊജക്ട് തയ്യാറാക്കി ശ്രദ്ധേയനായി വരക്കാട് സ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി
വെള്ളരിക്കുണ്ട്: കേരളത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് എട്ടാം ക്ലാസുകാരന്റെ പ്രൊജക്ട് ; വീഡിയോ വൈറലായി. കാസർകോട് ജില്ലയിലെ വെസ്റ്റ് എളേരി വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർഥി ദേവാശിഷാണ് ശ്രദ്ധേയമായ പ്രൊജക്ട് തയ്യാറാക്കി നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ നിരന്തര ഫുഡ് ഇൻസ്പെക്ഷൻ നടത്താൻ കേരളത്തിലെ ഓരോ സ്കൂളുകളിലും മൂന്നിൽ കുറയാത്ത കുട്ടികൾ അടങ്ങുന്ന സ്റ്റുഡന്റ് കേഡർ സംവിധാനം കൊണ്ടുവരികയും, സ്കൂൾ കൂട്ടികൾക്ക് ഭക്ഷ്യസുരക്ഷയെ കുറിച്ച് ബോധവൽക്കരണം നൽകുകയും, ഭക്ഷ്യസുരക്ഷയിൽ കുട്ടികളുടെ പങ്കാളിത്തം വേണമെന്നും അത് സ്കൂളുകളിൽ എങ്ങനെയാണ് നടപ്പാക്കേണ്ടത് എന്നും വളരെ വ്യക്തമായി ദേവാശിഷ് പ്രൊജക്ടിൽ വിവരിക്കുന്നുണ്ട്. സ്റ്റുഡന്റ് കേഡർ സംവിധാനം നിലവിൽ വന്നാൽ എൻഎസ്എസ്, എൻസിസി, സ്കൗട്ട്, ഗൈഡ് എന്നിവ പോലെ ഭക്ഷ്യസുരക്ഷാ സ്റ്റുഡന്റ് കേഡർ എന്ന സംവിധാനം കേരളത്തിലെ സ്കൂളുകളിൽ ആവിഷ്കരിക്കാം എന്ന് ഈ 13 കാരൻ വ്യക്തമാക്കുന്നു. വീഡിയോ വൈറലായതോടെ ഇത് ചർച്ചയ്ക്ക് വയ്ക്കാം എന്നും, നടപ്പാക്കുന്നതിന് പരിശ്രമിക്കാം എന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ കമന്റ് ചെയ്തിട്ടുണ്ട്. ഫാസ്റ്റ് ഫുഡിനെ സ്നേഹിക്കുന്ന കുട്ടികളുടെ ജീവൻ പോലും നഷ്ടമായ ചില സാഹചര്യങ്ങളാണ് തന്നെ ഇതിനിതിരെ ഒരു ശാശ്വതമായ പരിഹാരം കാണോനുള്ള വഴിതേടാൻ പ്രേരിപ്പിച്ചത് എന്ന് ഈ കുട്ടി പറയുന്നു. പലയിടങ്ങളിൽ ഭക്ഷ്യവിഷബാധ ഉണ്ടായപ്പോൾ മുതൽ കാണുന്ന ഹോട്ടലുകളിലെ അടുക്കളകൾ രഹസ്യമായി നിരീക്ഷിച്ചതും ഇങ്ങനെ ഒരു പ്രൊജക്ടിന് രൂപം നൽകാൻ കാരണമായി. ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യുമ്പോൾ മാത്രം റെയ്ഡ് നടത്തുന്ന പ്രവണത ഒഴിവാക്കണം. അതിനാവശ്യമായ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാനാകുന്ന വിധമാണ് പദ്ധതി നിർദേശം. ഓരോ സ്കൂളിലും ഭക്ഷ്യസുരക്ഷ സ്റ്റുഡന്റ് കേഡർ യൂണിറ്റ് രൂപീകരിച്ച് അതിന് ഒരു അധ്യാപകന് ചുമതല നൽകി അതാത് പ്രദേശങ്ങളിലെ ഹോട്ടലുകളിലും ബേക്കറികളിലും നിരന്തര റെയ്ഡ് നടത്താവുന്ന തരത്തിലാണ് പദ്ധതി. ഇതിനെ സംസ്ഥാന, ജില്ലാ തലങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടവും ഉണ്ടാകണമധന്ന് നിർദേശിക്കുന്നു. നിരവധി ഗ്രൂപ്പുകളിലാണ് ഈ കൊച്ചുമിടുക്കന്റെ പദ്ധതി ചർച്ചയാകുന്നത്. കാസർകോട് മഢ്ണ് പര്യവേഷണ വകുപ്പ് ഓഫീസിലെ ജീവനക്കാരൻ എളേരിത്തട്ടിലെ കെ വി സുനിലിന്റെയും ഈസ്റ്റ് എളേരി വില്ലേജ് അസിസ്റ്റന്റ് കെ ഒ വി സുനിലയുടെയും മകനാണ് ദേവാശിഷ്
No comments