Breaking News

കുട്ടികളെ എഴുത്തിൻ്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ കുന്നുംകൈ എ യു പി സ്കൂളിൽ എഴുത്തിടം പരിപാടി സംഘടിപ്പിച്ചു അധ്യാപകനും എഴുത്തുകാരനുമായ അനിൽ നീലാംബരി നേതൃത്വം നൽകി


ഭീമനടി: കുട്ടികളെ വായനയുടെയും എഴുത്തിൻ്റെയും ഇടങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുന്നുംകൈ എ യു പി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയായിരുന്നു എഴുത്തിടം . ബി ആർ സി യുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന  എൻഹാൻസിംങ് ലേണിംഗ്  ആമ്പിയൻസ് (ELA ) പ്രോഗ്രാമിൻ്റെ ഭാഗമായ രചനോത്സവത്തിൽ ഉൾപ്പെടുത്തിയാണ് ഈ പരിപാടി നടപ്പിലാക്കിയത്.  അവതരണത്തിലെ വ്യത്യസ്തതകൊണ്ടും മികവുകൊണ്ടും  പുതുമയാർന്ന പരിപാടിയാക്കിമാറ്റാൻ  ശില്പശാലയ്ക്ക് നേതൃത്വം നല്കിയ അധ്യാപകനും എഴുത്തുക്കാരനുമായ അനിൽ നീലാംബരിയ്ക്ക് കഴിഞ്ഞു.

ഏഴാംക്ലാസ്സിലെ മലയാളം  പാoവലിയിലെ  അടയ്ക്കാപെറുക്കുന്നവർ  എന്ന സന്തോഷ് ഏച്ചിക്കാനത്തിൻ്റെ  കഥയുടെ തുടർപ്രവർത്തനമായി കുട്ടികളെ സർഗ്ഗാത്മക രചനയുടെ  ലോകത്തേക്ക്  എത്തിക്കുകയെന്നതാണ്   ഈ പരിപാടിയുടെ  ലക്ഷ്യം .രാവിലെ പത്തു മണി മുതൽ വൈകിട്ട് നാലു മണി വരെ നടന്ന ശില്പശാലയിൽ അൻപത് കുട്ടികൾ പങ്കെടുത്തു . കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് വിഷയം നല്കി കഥ എഴുതാനുള്ള അവസരം നല്കി.

ഉച്ചഭക്ഷണത്തിന്റെ സമയമായിട്ടുപോലും കുട്ടികൾ അവർക്ക് കിട്ടിയ വിഷയത്തിൽ  കഥയെഴുതാനുള്ള   ആവേശത്തിലായിരുന്നു. ചെറിയ സമയം കൊണ്ട് തന്നെ അവരോരുത്തരും തങ്ങളാൽ ആവുന്നരീതിയിൽ ഓരോ കഥപ്രപഞ്ചം സൃഷ്ടിച്ചു.  അത് അവർ ആവേശത്തോടെ വായിച്ച് അവതരിപ്പിച്ചപ്പോൾ രക്ഷിതാക്കളും ടീച്ചേഴ്സും  അവരെ അഭിനന്ദിച്ചു.

കവിതയുടെ ലോകത്തിലൂടെ സഞ്ചരിക്കാൻ സമയം തികയാതെ വന്നപ്പോൾ വേറൊരു ദിവസം നമുക്ക് ഇത് തുടരാമെന്ന്   ജ്യോതിലക്ഷ്മി ടീച്ചർ പറഞ്ഞപ്പോൾ നിറഞ്ഞ ഹർഷാരവത്തോടെയാണ് കുട്ടികൾ അതു സ്വീകരിച്ചത് .

സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. വർഗീസ് .സി .എം  സ്വാഗതം ആശംസിച്ച  ചടങ്ങിൽ അധ്യക്ഷൻ ശ്രീ നസീർ .എം. എ ആയിരുന്നു. ശില്പശാല പി. ടി .എ വൈസ് പ്രസിഡന്റ്‌ ശ്രീ സുകുമാരൻ .കെ .വി ഉദ്ഘാടനം ചെയ്തു. എം പി ടി എ പ്രസിഡന്റ്‌ ശ്രീമതി രമ്യ സുരേഷ്, ശ്രീമതി സ്വാതി.കെ. വി (ബി ആർ സി കോർഡിനേറ്റർ) , ശ്രീമതി ജിൻസി മാത്യു (സ്റ്റാഫ്‌ പ്രതിനിധി) , സനൽ ജെയിംസ് എന്നിവർ ആശംസ പ്രസംഗം നടത്തി. ശ്രീമതി സുകന്യ .കെ ചടങ്ങിന്  നന്ദി അർപ്പിച്ചു.

No comments