Breaking News

ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന പദയാത്രയുടെ സമാപന സമ്മേളനം എംടി രമേശ് ഉദ്ഘാടനം ചെയ്തു


ഒടയംചാൽ : പതിറ്റാണ്ടുകൾ ജമ്മു - കാശ്മീർ ഭരിച്ചിട്ടും കോൺഗ്രസ്സിന് ത്രിവർണ്ണപതാകയേന്തി ആ പ്രദേശങ്ങളിൽ യാത്ര നയിക്കാൻ സാധിച്ചിരുന്നില്ലെന്നും ഇന്ന് ഏതൊരു സാധാരണക്കാരനും ജമ്മുവിലും കാശ്മീരിലും സുരക്ഷിതമായി സഞ്ചരിക്കാൻ സാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് പറഞ്ഞു. ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം ജനറൽ സെക്രട്ടറി വിനീത് കുമാർ നയിച്ച ദ്വിദിന പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


കോൺഗ്രസിനെ ഒരുമിച്ച് നിർത്താൻ സാധിക്കാത്ത രാഹുൽ ഗാന്ധിയാണ് ഭാരത് ജോഡോ യാത്ര നയിച്ചത്. യാത്രയ്ക്കിടെ നിരവധി നേതാക്കളാണ് കോൺഗ്രസ് വിട്ടത്. നിലനില്പ് പ്രതിസന്ധിയിലായതോടെ ത്രിപുരയിൽ കോൺഗ്രസുമായി ധാരണയിലെത്തേണ്ട ഗതികേടിലാണ് സിപിഎം. 17 വർഷം അധികാരത്തിലിരുന്ന ത്രിപുരയിൽ ചുവന്ന കൊടി പിടിക്കാൻ പറ്റാത്ത ഗതികേടിലാണ് സിപിഎം. ത്രിപുരയിലെ സിപിഎമ്മിൻ്റെ അതേ ഗതിയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളെയും കാത്തിരിക്കുന്നത്. സാധാരണക്കാർക്ക് ഗുണമുള്ള എന്ത് പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് പിണറായി സർക്കാർ വിശദീകരിക്കണം. അടച്ചിട്ട വീടിന് പോലും നികുതി ഏർപ്പെടുത്തിയ സർക്കാർ കോടിക്കണക്കിന് രൂപ വിവിധ ഇനങ്ങളിൽ കുടിശ്ശിക വരുത്തിയ സമ്പന്നരിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പിരിച്ചെടുക്കാൻ തയ്യാറായിട്ടില്ല. പുതിയ പദ്ധതികൾക്ക് സംസ്ഥാന സർക്കാരിൻ്റെ ഖജനാവിൽ പണമില്ല.  

അതേസമയം ജൽ ജീവൻ മിഷൻ, ശൗചാലയ നിർമ്മാണം, ഭവന നിർമ്മാണം, സൗജന്യ റേഷൻ, തൊഴിൽ പരിശീലനം എന്നിങ്ങനെ വിവിധ ജനക്ഷേമ പദ്ധതികൾക്കായി ശതകോടികളാണ് കേന്ദ്രം ചെലവാക്കുന്നത്. പ്രധാനമന്ത്രിക്കെതിരെയും എൻഡിഎ സർക്കാരിനെതിരെയും അഴിമതി ആരോപിക്കാൻ കഴിയാത്തതിനാൽ പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ഇന്ത്യയിലെ വിവിധ പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നത്. എന്നാൽ അധിക്ഷേപിക്കുന്തോറും കൂടുതൽ കരുത്താർജ്ജിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയുമെന്നും 2024 - ൽ കൂടുതൽ സീറ്റുകൾ നേടി ബിജെപി മുന്നണി തന്നെ അധികാരത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്ര കുണ്ടാർ അദ്ധ്യക്ഷത വഹിച്ചു. 


ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വിജയ് കുമാർ റൈ, ജില്ലാ സെക്രട്ടറി മനുലാൽ മേലോത്ത്, എസ്.സി. മോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.കെ. കയ്യാർ, യുവമോർച്ച സംസ്ഥാന വനിതാ കൺവീനർ അഞ്ജു ജോസ്റ്റി, കർഷകമോർച്ച ജില്ലാ പ്രസിഡൻ്റ് കുഞ്ഞിക്കണ്ണൻ ബളാൽ, ഒബിസി മോർച്ച ജില്ലാ പ്രസിഡൻ്റ് പ്രേംരാജ് കാലിക്കടവ്, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻ്റ് റോയ് ജോസഫ് പറക്കളായി, ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻ്റ് പ്രശാന്ത് സൗത്ത് എന്നിവർ പങ്കെടുത്തു. 

ബിജെപി ജില്ലാ സെക്രട്ടറി എൻ. മധു സ്വാഗതവും മണ്ഡലം പ്രസിഡൻ്റ് രാഹുൽ പരപ്പ നന്ദിയും പറഞ്ഞു.

No comments