Breaking News

സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥ കുമ്പളയിൽ നിന്നും നിന്നും തുടങ്ങി


കാസര്‍കോട് : കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തുറന്നുകാട്ടിയും  വര്‍ഗീയതയെന്ന മഹാവിപത്തിനെ പ്രതിരോധിക്കാന്‍ ആഹ്വാനം ചെയ്തും സിപിഐ എമ്മിന്റെ ജനകീയ പ്രതിരോധ മുന്നേറ്റത്തിന് സംസ്ഥാന അതിര്‍ത്തിയില്‍ തുടക്കമായി. മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയില്‍ ആയിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥാലീഡര്‍ എം വി ഗോവിന്ദന് ചെമ്പതാക കൈമാറി. ചെങ്കൊടിയേന്തി തിങ്കള്‍ ഉച്ചമുതല്‍ കുമ്പളയിലേക്ക് നാട്ടിടവഴിയില്‍നിന്ന് കൂട്ടങ്ങള്‍ എത്തിത്തുടങ്ങിയിരുന്നു. ചുവപ്പുസേനയുടെ ബാന്‍ഡ് മേളം മുഴങ്ങി. ദിഗന്തം പൊട്ടുമാറ് മാലപ്പടക്കമുയര്‍ന്നു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജാഥയുടെ മാനേജര്‍ പി കെ ബിജുവാണ്. ജാഥാംഗങ്ങളായ സി എസ് സുജാത, എം സ്വരാജ്, ജെയ്ക് സി തോമസ്, കെ ടി ജലീല്‍ എംഎല്‍എ എന്നിവരും ഒപ്പമുണ്ട്.  വി വി രമേശന്റെ സ്വാഗതഭാഷണത്തിലേക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനത്തിനായി എത്തിയത്. ജനാരവത്തെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി  ഉദ്ഘാടന പ്രസംഗത്തിലേക്ക്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും സഞ്ചരിച്ച് മാര്‍ച്ച് 18ന് തലസ്ഥാനത്ത് സമാപിക്കുന്ന ജാഥയുടെ തുടക്കത്തിന് മുഖ്യമന്ത്രിയുടെയും എം വി ഗോവിന്ദന്റെയും വാക്കുകള്‍ ഊര്‍ജം പകര്‍ന്നു.

കെ ആര്‍ ജയാനന്ദ അധ്യക്ഷനായി. കാസര്‍കോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ പി സതീഷ്ചന്ദ്രന്‍, സിഎച്ച് കുഞ്ഞമ്പു എംഎല്‍എ, മുന്‍ കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി കരുണാകരന്‍, ജി നാഗരാജ് എന്നിവരും സന്നിഹിതരായി. രണ്ടാം സ്വീകരണം കാസര്‍കോട് മണ്ഡലത്തിലെ ചെര്‍ക്കളയില്‍ നടന്നു. ജാഥാംഗങ്ങളെ തുറന്ന ജീപ്പിലാണ് സ്വീകരിച്ചത്. എം വി ഗോവിന്ദനും എം സ്വരാജും  കെ ടി ജലീലും സംസാരിച്ചു. മുഹമ്മദ് ഹനീഫ അധ്യക്ഷനായി. സിജി മാത്യു സ്വാഗതം പറഞ്ഞു.


ഇന്ന് അഞ്ചിടത്ത്


രാവിലെ 10--കുണ്ടംകുഴി (ഉദുമ മണ്ഡലം), 11--കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാന്‍ഡ്, 3--കാലിക്കടവ് (തൃക്കരിപ്പൂര്‍ മണ്ഡലം), 4-- പയ്യന്നൂര്‍, 5-- പഴയങ്ങാടി (കല്യാശേരി മണ്ഡലം)

No comments