നീലേശ്വരം- ഇടത്തോട് റോഡ് വികസനം ; സിപിഐ എം നീലേശ്വരം ഏരിയാ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
നീലേശ്വരം : നീലേശ്വരം- ഇടത്തോട് റോഡിന്റെ മെക്കാഡം ടാറിങ് പ്രവൃത്തി പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നീലേശ്വരം ഏരിയാ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കോൺവന്റ് ജങ്ഷനിൽ ജില്ലാ സെക്രട്ടറിയറ്റംഗം സി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
കരുവക്കാൽ ദാമോദരൻ അധ്യക്ഷനായി. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി, നീലേശ്വരം നഗരസഭാ ചെയർപേഴ്‌സൺ ടി വി ശാന്ത, വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി, കെ വി ദാമോദരൻ, കെ പി രവീന്ദ്രൻ, പാറക്കോൽ രാജൻ, ടി വി ജയചന്ദ്രൻ, കെ കുമാരൻ എന്നിവർ സംസാരിച്ചു. ഏരിയാസെക്രട്ടറി എം രാജർ സ്വാഗതം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ 2018 ല്‍ 42.10 കോടി രൂപ കിഫ്ബി പദ്ധതിയിൽ ഉള്‍പ്പെടുത്തി അനുവദിച്ച റോഡിന്റെ പ്രവൃത്തി 2019ല്‍ തന്നെ ടെൻഡർ നടപടി പൂര്‍ത്തീകരിച്ച് കരാറുകാരനെ ഏല്‍പിച്ചു. കരാറുകാരന്റെ അനാസ്ഥ മൂലം നിര്‍മാണം ഇതുവരെയും പൂര്‍ത്തിയായില്ല. നീലേശ്വരം റെയില്‍വേ മേൽപ്പാലം മുതല്‍ 1.3 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നീലേശ്വരം താലൂക്കാശുപത്രിവരെയുള്ള സ്ഥലത്താണ് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കാൻ ബാക്കിയുണ്ടായത്. ഭൂമി, കെട്ടിട ഉടമകള്‍ക്കുള്ള നഷ്ടപരിഹാരത്തുക കിഫ്ബി റവന്യൂ വകുപ്പിന് നല്‍കി. ഭൂമി ഏറ്റെടുക്കാനുള്ള നടപടി ത്വരിതഗതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. പക്ഷെ കരാറുകാരന്റെ അനാസ്ഥ ജനജീവിതം തന്നെ ദു:സഹമാക്കിയ സാഹചര്യത്തിലാണ് സപി ഐ എം സമരരംഗത്തിറങ്ങിയത്.
No comments