ദുരന്തങ്ങളുടെ കറുത്ത ബുധൻ കണ്ണൂരിൽ കാർകത്തിയമർന്ന് 2 പേർ മരിച്ചതിന് പിന്നാലെ പെരിയയിൽ കാറും ബസും കൂട്ടിയിടിച്ച് യുവാവും പഴയങ്ങാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകളും മരിച്ചു
കാഞ്ഞങ്ങാട്: ദുരന്തങ്ങളുടെ കറുത്ത ബുധനാഴ്ച്ചയിൽ വിറങ്ങലിച്ച് നാട്. വാഹനാപകടങ്ങളുടെ തുടർക്കഥയായിരുന്നു ഇന്നലെ. ദേശീയപാത പെരിയയിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പെരിയ നടുവോട്ടുപ്പാറയിലെ വൈശാഖ് (26) ആണ് മരിച്ചത്, കൂടെയുണ്ടായിരുന്ന പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പുല്ലൂർ തടത്തിലെ കരുണാകരന്റെ മകൾ ആരതിയെ (21) ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. വ്യാഴം വൈകിട്ട് 5.45നാണ് അപകടം. ബസ് യാത്രക്കാരായ പതിനാലോളം പേർക്കും പരിക്കുണ്ട്.
കാസർകോട് ഗവ കോളേജ് മൂന്നാം വർഷ ബിഎസ്‍സി സുവോളജി വിദ്യാർത്ഥിനിയാണ് ആരതി. ബസ് യാത്രക്കാരായ പുളിക്കാലിലെ കെ പി കുഞ്ഞിക്കണ്ണൻ (65), ഐശ്വര്യ മുത്തനടുക്കം (19), വിജിന പെരിയ (25), ശ്രീവിദ്യ തണ്ണോട്ട്(37), മാധവി തുമ്പക്കുന്ന്(60), ജിതിൻ (21) എന്നിവരാണ് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ ചികിത്സ തേടിയത്. മൂന്നാം കടവിലേക്ക് പോകുന്ന സ്വകാര്യ ബസും പുല്ലൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. മരണപ്പെട്ട വൈശാഖ് പെരിയയിൽ ഇന്റർലോക്ക് സ്ഥാപനം നടത്തി വരികയായിരുന്നു.
ചാലിങ്കാലിൽ സ്വന്തമായി ടയർ റിസോളിങ് സ്ഥാപനം തുടങ്ങാനിരിക്കെയാണ് വൈശാഖിനെ മരണം തട്ടിയെടുത്തത്.
കാർ കത്തിയമർന്ന് ദമ്പതികൾ മരിച്ചതിന്റെ കണ്ണീരുണങ്ങും മുമ്പ് കണ്ണൂരിൽ വീണ്ടും അപകടമരണം. പഴയങ്ങാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. കാർയാത്രക്കാരിയായ പഴയങ്ങാടി മുട്ടത്തെ എം.പി ഫാത്തിമ (24), സ്കൂട്ടർ യാത്രിക കണ്ണപുരം നോർത്ത് എൽ.പി സ്കൂൾ അധ്യാപിക കീഴറയിലെ സി.പി. വീണ (47) എന്നിവരാണ് മരിച്ചത്. ഫാത്തിമയുടെ ഭർത്താവ് അടക്കം അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പഴയങ്ങാടി റെയിൽവെ മേൽപാലത്തിന് സമീപമായിരുന്നു അപകടം. കണ്ണൂർ ഭാഗത്തുനിന്ന് വരികയായിരുന്ന കാറും കണ്ണൂർ ഭാഗത്തേക് പോവുകയായിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ബുധനാഴ്ച്ച വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം.
No comments