Breaking News

''കൊന്നക്കാട് പാമത്തട്ട് ക്വാറിക്ക് അനുമതി കൊടുക്കരുത്"; വെള്ളരിക്കുണ്ട് ഗ്രീൻവാല്യൂസ് സൊസൈറ്റി


കൊന്നക്കാട്: ദുരന്തനിവാരണ അതോറിട്ടി പ്രകൃതിദുരന്ത സാധ്യതയുള്ള മേഖലയായി വ്യക്തമാക്കിയിട്ടുള്ള കൊന്നക്കാട്ട് പാമത്തട്ടിൽ കരിങ്കൽ ക്വാറിക്കായുള്ള നീക്കങ്ങൾ ശക്തമാവുന്നതിൽ വെള്ളരിക്കുണ്ടു് ഗ്രീൻവാല്യൂസ് സൊസൈറ്റി യോഗം ആശങ്ക പ്രകടിപ്പിച്ചു. പാമത്തട്ടിൽ ക്വാറി തുടങ്ങുന്നതിന് ലഭ്യമായിരിക്കുന്ന പാരിസ്ഥിതികാനുമതി റദ്ദുചെയ്യണമെന്ന ആവശ്യമുന്നയിച്ച് പാമത്തട്ട് സംരക്ഷണ സമിതി ഹൈക്കോടതിയിൽ നൽകിയിട്ടുള്ള കേസ് തീർപ്പാകുന്നതിന് മുമ്പായി ക്വാറിക്ക് ബളാൽ പഞ്ചായത്തിൽ നിന്ന് തിടുക്കത്തിൽ പ്രവർത്താനുമതി ലഭിക്കുന്നതിനായി നടക്കുന്ന നീക്കങ്ങൾ പ്രതിഷേധാർഹമാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ക്വാറിക്കെതിരെയുള്ള നീക്കങ്ങളിൽ മുമ്പന്തിയിലുണ്ടാവുമെന്ന വാഗ്ദാനം നൽകിയാണ് ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന കോൺഗ്രസ്സു് വോട്ടു ചോദിച്ചത്. അത് മറന്ന് ക്വാറിക്കനുകൂലമായി നിലപാടെടുക്കാൻ തയ്യാറാവരുതെന്ന് യോഗം അഭ്യർത്ഥിച്ചു. വെള്ളരിക്കുണ്ടു് താലൂക്കിൽ അൻപതിലധികം പുതിയ ക്വാറികൾക്കുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നറിയുന്നു. ഇതിൽ താലൂക്കിൽ പതിമൂന്നിലധികം സ്ഥലങ്ങളിൽ ശക്തമായ ജനകീയ  സമരങ്ങൾ നടക്കുന്നു അതിൽ ഏറ്റവും പ്രധാനമായതും ദുരന്ത സാധ്യത നിലനിൽക്കുന്നതുമാണ് പാമത്തട്ട് പ്രദേശം, ഇതെല്ലാം വ്യക്തമായി രേഖപെടുത്തിയ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചേയർമാൻ കൂടിയായ ജില്ലാ കളക്ടറുടെ വ്യക്തമായ തെളിവുകളോട് കൂടിയ റിപ്പോർട്ടുകൾ മറികടന്നു കൊണ്ടു് സമ്പാദിച്ച ചില അനുമതികളെയാണ് സമരസമിതി ഹൈക്കോടതിയിൽ  ചോദ്യം ചെയ്തിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ  ജനവികാരം മാനിക്കാതെ ഗ്രാമപഞ്ചായത്ത് നിലപാടെടുത്താൽ സാധ്യമായ എല്ലാ ജനാധിപത്യ മാർഗ്ഗങ്ങളിലൂടെയും അതിനെ പ്രതിരോധിക്കുമെന്ന് യോഗം മുന്നറിയിപ്പു നൽകി.   കൂടാതെ ചില ക്വാറീ മാനേജ്മെൻ്റുകൾ ഹെക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉത്തരവുകൾ വാങ്ങി ബലപ്രയോഗത്തിലൂടെ പ്രദേശത്ത് സമരം നടത്തുന്ന ജനങ്ങളെ പ്രകോപിതരാക്കും വിധം പ്രവർത്തനത്തിന് തുനിയുന്നത് ആശങ്കയുളവാക്കുന്നതാണെന്നും കാരാട്ട് പോലുള്ള സമരങ്ങളെ അനുസ്മരിച്ച് യോഗം വിലയിരുത്തി.    എന്ത് വില കൊടുത്തും വെള്ളരിക്കുണ്ട് താലൂക്കിൻ്റെ ഹരിതഭംഗിയെ നിലനിർത്തും, ഇതിനായി വ്യാപക ജനകീയ ബോധവൽക്കരണം നടത്താനും യോഗം തിരുമാനിച്ചു.                       പ്രസിഡൻ്റ് സി.സി.ഗിരിജ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇ.കെ .ഷിനോജ്, പി.സുരേഷ് കുമാർ, സണ്ണി പൈകട തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

No comments