Breaking News

പെരുമ്പട്ട ജുമാ മസ്ജിദിലേക്ക് നടന്നു കയറി വിഷ്ണുമൂർത്തി തെയ്യം മതങ്ങളുടെ അതിരുകൾ മായുന്ന മഹാസംഗമം ദർശിക്കാൻ ആയിരങ്ങളെത്തി


ചീമേനി: പെരുമ്പട്ട താഴത്തിടം പാടർക്കുളങ്ങര ഭഗവതീക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ സമാപന ദിവസം വിഷ്ണുമൂർത്തി തെയ്യം പെരുമ്പട്ട മുനീറുൽ ഇസ്‌ലാം ജുമാ മസ്ജിദിലേക്ക് നടന്നു കയറി. വാങ്കുവിളികളാൽ മുഖരിതമായ പള്ളിക്കുള്ളിലെ മഖാമിനു മുന്നിൽ തടിച്ചുകൂടിയ പുരുഷാരത്തിന് അനുഗ്രഹവും ഒപ്പം സാഹോദര്യത്തിന്റെ മഹാസന്ദേശവും ചൊരിഞ്ഞ് തെയ്യം പടിയിറങ്ങുമ്പോൾ പെരുമ്പട്ട ഗ്രാമം ഒന്നടങ്കം വണങ്ങിനിന്നു. 


തീർത്തും ആചാരപരവും അനുഷ്ഠാനനിബദ്ധവുമായ തെയ്യം കെട്ടിൽ അധികമൊരിടത്തും കാണാത്ത കാഴ്ചയാണ് പെരുമ്പട്ടയിലേത് മൂന്നുവർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന താഴത്തിടം പാടർക്കുളങ്ങര ഭഗവതീ ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ സമാപന ദിവസത്തിലാണ് ക്ഷേത്രത്തിൽ കെട്ടിയാടിയ പരദേവത സമീപത്തെ മുനീറുൽ ഇസ്‌ലാം ജുമാ മസ്ജിദിൽ സന്ദർശനം നടത്തിയത്. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നു കരുതുന്ന താഴത്തിടം ക്ഷേത്രവും അത്രതന്നെ പഴക്കമുള്ള മുനീറുൽ ഇസ്‌ലാം ജുമാ മസ്ജിദും തേജസ്വിനി പുഴയുടെ ഒരേ തീരത്തു തന്നെയാണ്. പള്ളിയിൽ കൂടി നിന്ന വിശ്വാസികൾക്ക് ഇളനീർ പ്രസാദം നൽകി എല്ലാവർക്കും അനുഗ്രഹം നൽകിയാണ് തെയ്യം വൈകുന്നേരം ബാങ്ക് വിളി സമയത്ത് പള്ളിയിൽ നിന്നും വിടചൊല്ലി. ഏറെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ഇവിടുത്തെ കളിയാട്ടം ഒമ്പതു വർഷം മുൻപാണു പുനരാരംഭിച്ചത്.



No comments