മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പ്; ഹൃദ്രോഗത്തിന് സർട്ടിഫിക്കറ്റ് നൽകിയത് അസ്ഥിരോഗ വിദഗ്ധൻ, വിജിലൻസ് പരിശോധന
കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ ക്രമക്കേട് പരാതികളില്‍ കളക്ടറേറ്റുകളിലെ വിജിലന്‍സ് പരിശോധന ഇന്നും തുടരും. ക്രമക്കേടുകള്‍ കണ്ടെത്താന്‍ പരിശോധന വ്യാപകമാക്കാനാണ് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശം. ഇന്നലെ നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടാണ് കണ്ടെത്തിയത്. സിഎംഡിആര്‍എഫില്‍ നിന്ന് ഏജന്റുമാര്‍ മുഖേന അനര്‍ഹര്‍ക്ക് ധനസഹായം നല്‍കിയ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഏജന്റുമാര്‍ മുഖേനയാണ് തട്ടിപ്പുകള്‍ നടക്കുന്നത്. പണം ലഭിച്ചവര്‍ സമര്‍പ്പിച്ചതുള്‍പ്പടെ വരുമാന സര്‍ട്ടിഫിക്കറ്റ്, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ വിജിലന്‍സ് വിശദമായി പരിശോധിക്കുന്നുണ്ട്.
ഓപ്പറേഷന്‍ സിഎംഡിആര്‍എഫ് എന്ന പേരില്‍ നടത്തുന്ന പരിശോധനയില്‍ കഴിഞ്ഞ ദിവസം വ്യാപക ക്രമക്കേടാണ് കണ്ടെത്തിയത്. മുണ്ടക്കയം സ്വദേശി കോട്ടയം, ഇടുക്കി കളക്ടറേറ്റുകളില്‍ നിന്ന് ഹൃദ്രോഗത്തിന് രണ്ട് തവണയായി 15,000 രൂപയും കോട്ടയത്ത് നിന്ന് കാന്‍സര്‍ ചികിത്സയ്ക്ക് 10,000 രൂപയും വാങ്ങിയതായി കണ്ടെത്തി. അപേക്ഷയോടൊപ്പം കാഞ്ഞിരപ്പിള്ളി സര്‍ക്കാര്‍ ആശുപത്രിയിലെ അസ്ഥിരോഗവിഭാഗം ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്.
എറണാകുളത്ത് സമ്പന്നരായ രണ്ട് വിദേശ മലയാളികള്‍ക്കും സിഎംഡിആര്‍എഫില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ഏജന്റ് നല്‍കിയ 16 അപേക്ഷകളിലും സഹായം നല്‍കിയിട്ടുണ്ട്. പുനലൂരിലെ ഒരു ഡോക്ടര്‍ നല്‍കിയത് 1500 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളാണെന്നും കണ്ടെത്തി. അര്‍ഹതപ്പെട്ട പലര്‍ക്കും പണം ലഭിച്ചിട്ടില്ലെന്നും കണ്ടെത്തലുണ്ട്. അപേക്ഷകരുടെ ഫോണ്‍ നമ്പര്‍ മാറ്റി നല്‍കിയും വ്യാപകമായി ക്രമക്കേട് നടത്തുന്നതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി.
No comments