Breaking News

'നിശബ്ദരാക്കാനോ ഭയപ്പെടുത്താനോ കഴിയില്ല'; രാഹുലിനെ അയോഗ്യനാക്കിയത് ബിജെപിയുടെ അജണ്ടയെന്ന് കോൺഗ്രസ്



ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുക എന്നത് ബിജെപിയുടെ അജണ്ടയെന്ന് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. നടപടിയിലൂടെ നിശബ്ദരാക്കാനോ ഭയപ്പെടുത്താനോ കഴിയില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. രാഹുലിനെതിരായ നടപടി പ്രതീക്ഷച്ചതാണെന്നും വലിയ പുതുമയുള്ളതല്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ പ്രതികരിച്ചു.

'അദ്ദേഹത്തെ അയോഗ്യനാക്കാൻ ബിജെപി എല്ലാ വഴികളും ശ്രമിച്ചു. സത്യം പറയുന്നവരെ നിലനിർത്താൻ ബിജെപി ആഗ്രഹിക്കുന്നില്ല, പക്ഷേ ഞങ്ങൾ സത്യം പറഞ്ഞുകൊണ്ടേയിരിക്കും. ജോയിന്റ് പാർലമെന്റ് കമ്മിറ്റി ആവശ്യപ്പെടുന്നത് ഞങ്ങൾ തുടരും, ആവശ്യമെങ്കിൽ ജനാധിപത്യം സംരക്ഷിക്കാൻ ജയിലിൽ പോകും,' ഖാർഗെ പറഞ്ഞു. ക്രിമിനൽ കേസിൽ രണ്ട് വർഷത്തേക്ക് ശിക്ഷിക്കപ്പെട്ട വിധി സൂറത്ത് കോടതി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് വയനാട് എംപിയായ രാഹുലിനെ അയോഗ്യനാക്കികൊണ്ടുള്ള നടപടി. ലോക്സഭാ സെക്രട്ടേറിയേറ്റാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവും 15,000 രൂപ പിഴയും വിധിച്ചിരുന്നു. സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി. രാഹുലിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. വിധിക്കെതിരെ അപ്പീൽ നൽകാൻ 30 ദിവസത്തെ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. മാനനഷ്ടക്കേസിൽ രാഹുൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2019ലെ പ്രസംഗത്തിൽ മോദി സമുദായത്തെ രാഹുൽ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്.

No comments