Breaking News

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധം: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ മാർച്ചിൽ മുന്നൂറു പേർക്കെതിരെ കേസ്

കോഴിക്കോട്: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ മുന്നൂറു പേർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന മുന്നൂറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡി സി സി പ്രസിഡന്റ് പ്രവീൺ കുമാർ ഉൾപ്പെടെ പ്രതിയാണ്. റെയിൽവേയുടെ മുതൽ നശിപ്പിച്ചു, അതിക്രമിച്ച് കടക്കൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളിലാണ് കേസ്.

മാർച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതിനും കേസ്സെടുത്തിട്ടുണ്ട്. റെയിൽവേ പൊലീസാണ് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസ് എടുത്തത്. രാഹുൽ​ഗാന്ധിയെ അയോ​ഗ്യനാക്കിയ സംഭവത്തിൽ രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധത്തിനൊരുങ്ങുകയാണ്. മാർച്ച് 27ന് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കും.

അതേസമയം, രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് ബിജെപി. അടുത്ത മാസം 6 മുതൽ 14 വരെ രാജ്യ വ്യാപക പ്രചാരണം നടത്തും. രാഹുൽ ഗാന്ധി ഒബിസി വിഭാഗത്തെ അപമാനിച്ചെന്ന പ്രചാരണം ശക്തമാക്കാനാണ് ബിജെപി നീക്കം. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മുതിർന്ന നേതാക്കൾ നേരിട്ടെത്തി പ്രചാരണം നടത്തും. മാപ്പ് പറയാത്ത രാഹുലിന്റെ നിലപാട് ചോദ്യം ചെയ്യുമെന്നുമാണ് വിവരം. കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ ഈ വാദം ഉന്നയിച്ചായിരിക്കും കോൺഗ്രസിനെതിരെ ബിജെപിയുടെ പോരാട്ടം.

No comments